/sathyam/media/media_files/2025/11/20/jose-k-mani-kerala-congress-m-2025-11-20-20-21-35.jpg)
കോട്ടയം: കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായ ജോസ് കെ മാണി എംപിക്കെതിരെ സമാനതകളില്ലാത്ത മാധ്യമ - രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇടതുമുന്നണിയാകെ പ്രതിരോധത്തിലായപ്പോൾ ജോസ് കെ മാണി മാത്രം വേട്ടയാടപ്പെടുന്നു എന്നത് ജോസ് കെ മാണിയുടെ ശക്തി തന്നെയാണ് വ്യക്തമാക്കുന്നത്.
മാണിസാറിൻ്റെ രാഷ്ട്രീയ പിൻഗാമി, രണ്ടിലയുടെ നേരവകാശി - ജോസ് കെ മാണി മധ്യ തിരുവിതാംകൂറിൽ രാഷ്ട്രീയ കരുത്ത് കാട്ടിയാൽ അത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ച് തിരുത്തേണ്ടത് തിരുത്തി ജോസ് കെ മാണിയും കേരള കോൺഗ്രസ് (എം) ഉം മുന്നോട്ട് പോയാൽ മധ്യ കേരളത്തിലും ക്രൈസ്തവ സ്വാധീന മേഖലകളിലും ഗുണം ചെയ്യുമെന്ന് ഇടതുമുന്നണി നേതൃത്വത്തിന് നന്നായി അറിയാം .
തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ പിജെ ജോസഫ്, മോന്‍സ് ജോസഫ് ഉള്‍പ്പെടെ ജോസഫ് വിഭാഗം നേതൃത്വം ഒന്നാകെ കേരള കോൺഗ്രസ് എം നെ യു ഡി എഫിലെടുക്കരുതെന്ന അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
അതിനു പിന്നാലെയാണ് നവമാധ്യങ്ങളില്‍ ജോസ് കെ മാണിക്കെതിരെ പി ആര്‍ ഗ്രൂപ്പിനെ രംഗത്തിറക്കി ശക്തമായ സൈബര്‍ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. ജോസഫ് വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
എന്നാൽ മുന്നണി വിപുലീകരണത്തെക്കുറിച്ച് യുഡിഎഫ് നടത്തുന്ന ചർച്ചകളിൽ ആദ്യം ഉയർന്ന് കേൾക്കുന്ന പേര് ജോസ് കെ മാണിയുടേതും അദ്ദേഹത്തിൻ്റെ പാർട്ടിയുടേതുമാണ്.
ഈ സാഹചര്യത്തിൽ ജോസ് കെ മാണിയെ ഭയക്കുന്നവർ യുഡിഎഫിലുണ്ട് എന്നത് വ്യക്തമാണ്. കോട്ടയവും പാലായും മാത്രമല്ല ക്രൈസ്തവ സ്വാധീന മേഖലകളിൽ ജോസ് കെ മാണി നിർണ്ണായക ശക്തിയാണെന്ന ബോധ്യം സിപിഎമ്മിനെ പോലെ തന്നെ കോൺഗ്രസിനുമുണ്ട്.
സിപിഎമ്മിൻ്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും ജോസ് കെ മാണിയുടെ ക്രൈസ്തവ രാഷ്ട്രീയവും ഒന്നിച്ച് നിന്നാൽ യുഡിഎഫിനെ ചെറുത്ത് തോൽപ്പിക്കാമെന്ന് എല്‍ഡിഎഫ് നേതൃത്വം തിരിച്ചറിയുന്നു.
ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി വേട്ടയാടപ്പെടുന്നത് എന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്. പരമ്പരാഗത കോൺഗ്രസ് വോട്ട് ബാങ്കിൽ ജോസ് കെ മാണിക്ക് സ്വാധീനം ചെലുത്താൻ കഴിയും എന്നത് യുഡിഎഫിനെ ആശങ്ക പെടുത്തുന്നുണ്ട്. എല്‍ഡിഎഫിലാകട്ടെ അർഹമായ പരിഗണന കേരള കോൺഗ്രസ് (എം) ന് സിപിഎം നൽകുന്നുണ്ട്.
പക്ഷേ കോട്ടയത്ത് സിപിഎം നേതാക്കളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി കേരളാ കോണ്‍ഗ്രസ് അണികളിലുണ്ട്. പാലായില്‍ അദ്ദേഹത്തിന്‍റെ തോല്‍വിയില്‍ വരെ കോട്ടയത്തെ ഉന്നതരായ ചില സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണവും അവര്‍ക്കുണ്ട്.
പാലായിലെ ജോസ് കെ മാണി വിരുദ്ധരുമായും ഈ നേതാക്കള്‍ക്ക് നല്ല ചങ്ങാത്തം ആണത്രെ. കേരളാ കോണ്‍ഗ്രസിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നും ഇതാണ്.
അതേസമയം, ക്രൈസ്തവ വോട്ട് സമാഹരിക്കാനുള്ള ആയുധമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ജോസ് കെ മാണിയെ കാണുമ്പോൾ ബിജെപി ക്രൈസ്തവ വോട്ട് സ്വാധിനിക്കാൻ നടത്തുന്ന നീക്കങ്ങളെ തടയുക എന്ന ലക്ഷ്യവും അതിന് പിന്നിലുണ്ട്.
കേരള കോൺഗ്രസ് എമ്മിനെ ഈ പ്രതികൂല സാഹചര്യത്തിലും ഒറ്റക്കെട്ടായി ജോസ് കെ മാണി നയിക്കുമ്പോൾ അത് അദ്ദേഹത്തിൻ്റെ നേതൃ പാടവത്തിൻ്റെ തെളിവാണ്.
പാലാ വീണ്ടും നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് ജോസ് കെ മാണി കണക്ക് കൂട്ടുന്നത് എതിരാളികളെയും പഴയ ചില ചങ്ങാതിമാരെയും ആശങ്കയിലാക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.
തദ്ദേശ തെരെഞ്ഞെടുപ്പില്‍ കഴിഞ്ഞ 7 വര്‍ഷത്തിനിടെ ആദ്യമായി പാലായില്‍ ഇടതുമുന്നണി ലീഡ് തിരിച്ചു പിടിച്ചതും പ്രതീക്ഷ നല്‍കുന്നതാണ്. അതിനൊപ്പം വേട്ടയാടലുകളെ കരുത്താക്കാൻ ജോസ് കെ മാണിക്ക് കഴിഞ്ഞാൽ മുന്നണികൾ ജോസ് കെ മാണിക്ക് പിന്നാലെ എത്തും.
തിരിച്ചറിവിൻ്റെ പ്രായോഗിക രാഷ്ട്രീയം മറ്റാരേക്കാളും അറിയാവുന്ന ജോസ് കെ മാണി ഉചിത സമയത്ത് ശരിയായ തീരുമാനമെടുക്കും എന്നത് യാഥാർത്ഥ്യമാണ്. വേട്ടയാടപ്പെട്ടവൻ്റെ വേദനയല്ല, വേട്ടയാടലിൻ്റെ കരുത്താണ് ജോസ് കെ മാണി എന്ന് തെളിയിക്കേണ്ടത് ഇനി അദ്ദേഹത്തിൻ്റെ ആവശ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us