തൃശൂര്‍: ഭാര്യവീട്ടില്‍ ചെന്ന് ഭാര്യയുടെ മാതാപിതാക്കളെയും സഹോദരിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിന് തടവും പിഴയും ശിക്ഷ. പുതുരുത്തി സ്വദേശി തേര്‍മഠം വീട്ടില്‍ ജോസ് മകന്‍ ജോണ്‍സനെ നാലു വര്‍ഷവും ഒരു മാസവും തടവിനും 21500 രൂപ പിഴയടയ്ക്കുന്നതിനും തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള സ്പെഷല്‍ കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു.
പിഴ അടയ്ക്കാത്തപക്ഷം ഏഴുമാസവും ഒരാഴ്ചയും കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴയടയ്ക്കുന്ന പക്ഷം പിഴ സംഖ്യയില്‍നിന്ന് 20,000 രൂപ പരാതിക്കാരിക്ക് കൊടുക്കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. 2011 ജൂലൈ പതിനേഴാം തീയതി വൈകിട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഭാര്യയെ കാണാന്‍ ഭാര്യവീട്ടില്‍ എത്തിയ പ്രതി ഭാര്യയുടെ മാതാപിതാക്കളുമായും സഹോദരിയുമായും വഴക്കുണ്ടാക്കുകയും മുറുക്കാന്‍ ഇടിക്കാന്‍ ഉപയോഗിക്കുന്ന കല്ലുകൊണ്ട് സഹോദരിയെ ഇടിക്കുകയും മാതാപിതാക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു.