മലപ്പുറം: നിലമ്പൂരില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവില്‍പ്പന നടത്തിയ കേസിലെ മുഖ്യപ്രതി വനം വകുപ്പ് പിടിയിലായി. പനങ്കയം സ്വദ്ദേശി പത്തുരാന്‍ അലിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അലിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് അലി വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. കാട്ടുപോത്തിനെ വെടിവെയ്ക്കാന്‍ ഉപയോഗിച്ച ലൈസന്‍സില്ലാത്ത നാടന്‍ തോക്കും ഹാജരാക്കി.
2024 ജനുവരി 18നാണ് നിലമ്പൂര്‍ റെയ്ഞ്ചിലെ കാഞ്ഞിരപുഴ വനത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ഇയാള്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്നത്. ഇറച്ചിവെട്ടാനും വില്‍പ്പനയ്ക്കും സഹായിച്ചതിന്, അലിയുടെ സഹോദരന്‍ സുനീര്‍ ഉള്‍പ്പെടെ 11 പേരെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു.