ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.

നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്

New Update
wild elephant

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു.

Advertisment

കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.

നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.

പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.

2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്‍റെ മകന്‍ അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.

നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്.

കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്.

ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.

Advertisment