/sathyam/media/media_files/2025/03/23/lKZeLyeZ8hFuznxBz4hL.jpg)
കോട്ടയം: ട്രംപിന്റെ താരിഫ് ഭീഷണിയില്‍ റബര്‍ വില ഇടിയുമോ?. റബര്‍ ബോര്‍ഡ് വില 204 രൂപയാണെങ്കിലും ആ വിലയ്ക്ക് ചരക്കെടുക്കാന്‍ വ്യാപാരികള്‍ തയാറല്ല. വിപണിയിലെ അനിശ്ചിതത്വം റബറിനെയും ബാധിക്കുന്നതിന്റെ ആശങ്കയിലാണ് കര്‍ഷകര്‍.
കേരളത്തില്‍ നിന്ന് റബര്‍ ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് പോകുന്നുണ്ടങ്കിലും ചൈനയ്ക്കു ഉയര്‍ന്ന ചുങ്കം ചുമതിയതിനാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുതലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ചൈനയേക്കാള്‍ ചുങ്കം ഇന്ത്യയ്ക്കുമേലാണ് അമേരിക്ക ചുമത്തുന്നത്. ഇതു ഇന്ത്യയ്ക്കും കേരളത്തിലെ കര്‍ഷകര്‍ക്കും തിരിച്ചടിയാണ്.
ഇതിനിടെയാണ് വിലയിടവും ആശങ്ക സൃഷ്ടിക്കുന്നത്. രണ്ടു മാസത്തിലേറെ തുടര്‍ച്ചയായ മഴ പെയ്തു വെയില്‍ തെളിഞ്ഞ് ടാപ്പിങ്ങ് സജീവമാക്കാം എന്നു കര്‍ഷകര്‍ പ്രതീക്ഷിച്ചിരിക്കേയാണ് വില ഇടിഞ്ഞത്. ഇന്നലെ ആര്‍.എസ്.എസ്. 4 ഗ്രേഡ് റബറിന്റെ വില റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ചത് 204 രൂപയാണെങ്കിലും വ്യാപാരം നടന്നത് 200 രൂപയില്‍ താഴെയാണ്.
ഇന്നാകട്ടേ അതിലും കുറച്ചാണ് റബര്‍ എടുക്കുന്നത്. ഒരാഴ്ച മുന്‍പു റബര്‍ വില 213 രൂപ വരെയത്തിയിരുന്നു. രാജ്യാന്തര വിലയില്‍ വിലയിടിഞ്ഞുവെന്ന കാരണം പറഞ്ഞ് കമ്പനികള്‍ പെട്ടെന്ന് വിലയിടിക്കുകയായിരുന്നു.
കര്‍ഷകര്‍ മെയ് പകുതിയോടെ റബര്‍ മരങ്ങള്‍ക്കു മഴക്കാല സംരക്ഷണം ഒരുക്കിയിരുന്നുവെങ്കിലും പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴ പെയ്തതോടെ ടാപ്പിങ്ങ് മുടങ്ങിയിരുന്നു. ഇതോടെ, വിപണിയിലെത്തിയിരുന്ന ചരക്കിന്റെ അളവ് കുറയുകയും വ്യാപാരികള്‍ വില ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, മഴയ്ക്കു നേരിയ ശമനമുണ്ടായെന്ന സൂചന വന്നതിനു പിന്നാലെ വിലയിടിക്കുകയായിരുന്നുവെന്നാണു കര്‍ഷകരുടെ ആക്ഷേപം. ഇതിനിടെയാണ് യു.എസ് ചുങ്കം കൂടി ഇന്ത്യയ്ക്കുമേല്‍ വരുന്നത്.