/sathyam/media/media_files/2025/05/16/uCfweKKgvQAbNNlebqBv.jpg)
കോട്ടയം : ജനവാസമേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാനുള്ള നിയമഭേദഗതിക്കു സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയിരക്കുകയാണ്. അടുത്ത നിയമസഭാ യോഗത്തില്‍ ബില്‍ സഭയില്‍ അവതരിപ്പിക്കും. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണു സംസ്ഥാനം ഭേദഗതി കൊണ്ടു വരുന്നത്. കേന്ദ്ര നിയമമുള്ളതിനാല്‍ ഇതു നിലനില്‍ക്കുമോ എന്ന സംശയമുണ്ട്. കേന്ദ്ര നിയമത്തില്‍ ഭേദഗതി സംസ്ഥാനത്തിനു കൊണ്ടു വരണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വേണം.
എന്നാൽ, രാഷ്ട്രപതിയുടെ അംഗീകാരം നേടുക അത്ര എളുപ്പമല്ല.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണു കുരങ്ങും കാട്ടുപന്നിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടുവയും ആനയും കരടിയുമെല്ലാം ഒന്നാം പട്ടികയിലാണ്. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പോലും പല തവണ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയാണു ചെയ്തത്. കാട്ടുപന്നികള്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തണമെന്നും കേന്ദ്രം ചൂണ്ടികാട്ടിയിരുന്നു.
സംസ്ഥാന നിയമസഭ പുതിയ ബില്‍ പാസാക്കിയാല്‍ വനം നിയമവുമായി ബന്ധപ്പെട്ടു കേന്ദ്രവുമായി ഏറ്റുമുട്ടലിനു പോകേണ്ടി വരും. കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാനുള്ള അധികാരം വേണമെന്നാണു കരട് രേഖയില്‍ പറയുന്നത്. വനവും വന്യജീവികളെയും സംരക്ഷിക്കണമെന്നു നിലപാടിലുറച്ചാണു സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. മന്ത്രിസഭ അംഗീകരിച്ച കരട് ബില്‍ നിയമസഭ പാസാക്കിയാല്‍ രാഷ്ട്രപതിക്ക് അയക്കുമെന്നുമാണു വനം മന്ത്രി അറിയിച്ചത്. പുതിയ ഭേദഗതിയിലൂടെ ജനവാസ മേഖലയില്‍ അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് ഉത്തരവിടാന്‍ സാധിക്കും. ഇതിനായി ജില്ലാ കലക്ടറുടെയോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിര്‍ദേശം മതിയാകും.
ആക്രമണത്തിന്റെ തീവ്രത അനുസരിച്ചു വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുകയോ മയക്കുവെടിവെക്കുകയോ ചെയ്യാം. അക്രമകാരികളായ ജീവികളെ തിരികെ കാട്ടിലേക്കു തുരത്തുകയോ മയക്കുവെടി വയ്ക്കുകയോ ചെയ്യുകയാണു നിലവിലെ രീതി. ഇതിനെതിരെ മലയോര മേഖലയിലെ ജനങ്ങള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. നടപടി കൈക്കൊള്ളുന്നതിലെ കാലതാമസം ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന സാഹചര്യത്തില്‍ നിയമത്തില്‍ ഭേദഗതി വേണമെന്നു വിവിധ മേഖലകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതു കൂടി പരിഗണിച്ചാണു പ്രത്യേക മന്ത്രിസഭായോഗം കരട് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
2022നു ശേഷം രാജ്യത്ത് ഒരു വന്യജീവിയെയും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ കാട്ടാന, കടുവ, പുലി, കാട്ടുപോത്ത്, മയില്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്. ഇവയെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. നാട്ടിലിറങ്ങി മനുഷ്യനെ ആക്രമിക്കുന്ന വന്യജീവികളെ നശിപ്പിക്കാനും വന്ധ്യംകരിക്കാനും നിയമഭേദഗതി ആവശ്യപ്പെട്ടു നിയമസഭ ഒരു വര്‍ഷം മുന്‍പു പ്രമേയം പാസാക്കിയെങ്കിലും കേന്ദ്രനിമയം തടസമായി.
വന്യജീവി സംരക്ഷണ നിയമത്തിലെ 11ാം വകുപ്പിലെ ഉപവകുപ്പ് ബി പ്രകാരം ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും വന്യമൃഗം മനുഷ്യജീവനു ഭീഷണിയായാല്‍ വേട്ടയാടാന്‍ നിശ്ചിതകാലത്തേക്ക് അനുമതി നല്‍കാം. ഇതിനു പുറമേ, വന്യ മൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ ഷെഡ്യൂള്‍ 5 ലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, 2022 ല്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ ഷെഡ്യൂള്‍ 5 എടുത്തുമാറ്റുകയായിരുന്നു. സംസ്ഥാനം പുതിയ ഭേദഗതി കൊണ്ടുവരുമ്പോള്‍ കേന്ദ്രം ഏതു രീതിയില്‍ പ്രതികരിക്കുമെന്നും കാത്തിരുന്നു കാണേണ്ടതാണ്.