/sathyam/media/media_files/2025/01/11/GuCeyUgumjHCQu0ta1lG.jpg)
കൊച്ചി: അങ്കമാലിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ക്രൂരമര്‍ദനം നേരിട്ടെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. കഴിഞ്ഞ നാലുവര്‍ഷമായി 29 വയസുകാരിയായ യുവതി ഭര്‍ത്താവില്‍ നിന്നും ക്രൂര പീഡനമാണ് നേരിട്ടത്.
ഭര്‍ത്താവ് ഇരുമ്പ് വടികൊണ്ട് കാലിനും തലയ്ക്കും മര്‍ദ്ദിക്കുകയും ജോലിക്ക് പോകണം എന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞുവെന്നുമാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പണം ആവശ്യപ്പെട്ടും നിരന്തരം മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.
2020 ലാണ് ഗിരീഷ് എന്ന യുവാവും 29കാരിയായ യുവതിയും വിവാഹിതരായത്. ഒരു വര്‍ഷത്തിന് ശേഷം പെണ്‍കുഞ്ഞ് ജനിച്ചതോടെയാണ് ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. പ്രസവശേഷം ഇരുപത്തിയെട്ടാം ദിവസം കട്ടിലില്‍ നിന്നും വലിച്ച് നിലത്തിട്ടുവെന്നും ഇരുമ്പ് വടികൊണ്ട് കാലിന് മര്‍ദ്ദിച്ചുവെന്നും യുവതി പറയുന്നു.
യുവതിയുടെ പരാതിയില്‍ അങ്കമാലി സ്വദേശി ഗിരീഷിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.
പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പറത്തു വന്നത്.