അമ്മപെങ്ങന്‍മാരെ... ഞങ്ങളുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാമോ?. വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്താനാകാതെ പാര്‍ട്ടികള്‍. എതെങ്കിലും ഒരു പാര്‍ട്ടി വനിതാ സ്ഥാനാര്‍ഥിയെ കണ്ടെത്തിയാല്‍ മറ്റു പാര്‍ട്ടികള്‍ അവ അലങ്കോലമാക്കും

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നാലു ദിവസം മാത്രം ബാക്കിയെന്നത് മുന്നണികളെ ആശങ്കപ്പെടുത്തുന്നു.

New Update
election

കോട്ടയം: കഴിഞ്ഞ 40 വര്‍ഷത്തിലേറേയായിട്ടുള്ള രാഷ്ട്രീയ ജീവിതത്തില്‍ വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനായി ഇതുപോലെ വിഷമിച്ച ഒരു കാലമുണ്ടായിട്ടില്ലെന്നാണ് തലമുതിര്‍ന്ന ഒരു സി.പി.എം. നേതാവ് പറയുന്നത്.

Advertisment

ഏല്ലാ മുന്നണികളും ഇക്കാര്യത്തില്‍ ഒരുപോലെ പ്രതിസന്ധി നേരിടേണ്ടി വന്നു. ഏതെങ്കിലും തരത്തില്‍ ഒരു സ്ഥാനാര്‍ഥിയെ ശരിയാക്കി വരുമ്പോളായിരിക്കും എതിരാളികളെത്തി കുത്തി തിരിച്ചു അവരെ പിന്നോട്ടാക്കുക.

 ഇത് തിരിച്ചും ആവര്‍ത്തിക്കുന്നു. ഇതോടെ വനിതാ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനാമാകാതെ തുടരുകയാണ്.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നാലു ദിവസം മാത്രം ബാക്കിയെന്നത് മുന്നണികളെ ആശങ്കപ്പെടുത്തുന്നു.

 വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ചോദിക്കേണ്ട സമയത്ത് വീടുകള്‍ കയറിയിറങ്ങി സ്ഥാനാര്‍ഥികളെ തപ്പി നടക്കുകയാണ് പ്രമുഖ മുന്നണിയുടെ നേതാക്കള്‍ പലരും.

കടുത്തുരുത്തി ഉള്‍പെടെയുള്ള ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം ഇതേ അവസ്ഥയാണ്.

ഞീഴൂരും മാഞ്ഞൂരും മുളക്കുളത്തുമെല്ലാം സ്ഥാനാര്‍ഥിക്കായുള്ള പരക്കം പാച്ചില്‍ തുടരുകയാണ്.

കടുത്തുരുത്തി പഞ്ചായത്തിലെ ഒരു പ്രധാന വാര്‍ഡില്‍ തലേദിവസം ധാരണയായി ഉറപ്പിച്ച സ്ഥാനാര്‍ഥി പിറ്റേന്ന് നേരം വെളുത്തപ്പോള്‍ താനില്ലെന്ന് പറഞ്ഞ് ഒഴിവായി.

 സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ചാലേ ഇക്കാര്യത്തില്‍ ഉറപ്പാക്കാനാവുയെന്നാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷമെന്ന് നേതാക്കള്‍ പറയുന്നു.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ഞീഴൂര്‍ ഡിവിഷനില്‍ ഇടത്, വലത് മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു ഇനിയും ധാരണയായിട്ടില്ല.

എല്‍.ഡി.എഫില്‍ സി.പി.എമ്മിനും യു.ഡി.എഫില്‍ കോണ്‍ഗ്രസിനുമാണ് ഡിവിഷന്‍ നല്‍കിയിരിക്കുന്നത്.

 സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായെന്നും ഇന്ന് പ്രഖ്യാപിക്കുമെന്നുമാണ് നേതാക്കള്‍ ഒടുവില്‍ അറിയിച്ചിരിക്കുന്നത്.

കടുത്തുരുത്തി ഡിവിഷനില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചിട്ടില്ല. മുന്നണിയില്‍ കേരളാ കോണ്‍ഗ്രസിനാണ് സീറ്റ്.

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കുറുപ്പന്തറ ഡിവിഷനിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനവും വൈകുകയാണ്.

 ഇവിടെ ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടായതോടെ ആരെ പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ നേതൃത്വം തീരുമാനത്തിലെത്തിയിട്ടില്ല

Advertisment