കെഎസ്ആർടിസി ബസിൽ വീണ്ടും ലൈം​ഗികാതിക്രമം: ബാഗ് മറയാക്കി അടുത്തിരുന്ന യുവതിയുടെ ശരീരത്തിൽ പിടിച്ച് യാത്രക്കാരൻ. കരണത്തടിച്ച് യുവതി. വീഡിയോ വൈറൽ

അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് ശരീരത്തില്‍ പിടിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു.

New Update
ksrtc

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വീണ്ടും ലൈം​ഗികാതിക്രമം.

ബാ​ഗ് മറയാക്കി സഹയാത്രികയെ കയറിപ്പിടിച്ചു. തിരുവനന്തപുരത്താണ് സംഭവം. സീറ്റിലിരുന്നയാളുടെ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി തന്നെ മൊബൈൽക്യാമറയിൽ പകർത്തിയതോടെ സമൂഹ്യമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലാണ്. 

Advertisment

 തിരുവനന്തപുരത്ത് നിന്നും വെള്ളറടയിലേക്ക് പുറപ്പെട്ട ബസിൽ പേയാടിന് സമീപം വച്ചായിരുന്നു യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്.

അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് ശരീരത്തില്‍ പിടിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു.


പല തവണ ഇയാൾ ദേഹത്ത് സ്പർശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇങ്ങനെയാണോ ബസില്‍ പെരുമാറുന്നതെന്നും തനിക്ക് വീട്ടിൽ അമ്മയും സഹോദരിമാരുമില്ലേയെന്നതടക്കം പെണ്‍കുട്ടി ചോദിച്ചുകൊണ്ടാണ് ഇയാളെ അടിക്കുന്നത്. 

ബഹളം കേട്ട് കണ്ടക്‌ടർ എത്തിയപ്പോൾ സഹയാത്രികൻ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും ഇല്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാൽ, ഒപ്പമുണ്ടായിരുന്ന ആരും പ്രതികരിക്കാന്‍ തയാറായില്ലെന്ന് വീഡിയോയില്‍ കാണാം.

പെൺ‌കുട്ടിയുടെ ആവശ്യപ്രകാരം ബസ് നിര്‍ത്തി പെണ്‍കുട്ടിയെ ഉപദ്രവിച്ച ആളെ കണ്ടക്‌ടർ ഇറക്കിവിട്ടാണ് സർവീസ് തുടർന്നത്. 

ഇരുവരും കാട്ടാക്കടയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. പെണ്‍കുട്ടിക്കു പരാതി ഇല്ലാത്തതിനാൽ പൊലീസില്‍ വിവരം അറിയിച്ചില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. 

അതിക്രമം ഉണ്ടായതോടെ യുവതി അയാൾക്ക് ആവശ്യത്തിനുള്ളത് കൊടുത്തിരുന്നു. അതുകൊണ്ടാവും പരാതിപ്പെടാതിരുന്നതെന്നും അധികൃതർ പറഞ്ഞു.

സമൂഹ്യമാധ്യമങ്ങളിൽ ദ്യശ്യങ്ങൾ ചർച്ചയായിട്ടുണ്ടെങ്കിലും പൊലീസിലടക്കം ഇതുവരെ പരാതി എത്തിയിട്ടില്ല.

Advertisment