കേരളത്തെ ഏറ്റവും സുരക്ഷിതമായ ടൂറിസം ഡെസ്റ്റിനേഷനായി വിലയിരുത്തി വനിതാ സഞ്ചാരികള്‍

കേരളത്തിന്‍റെ സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതിക്ക് ആത്മവിശ്വാസമേകുന്ന വാക്കുകളെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

New Update
KERALA TOURISM SITE
തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സ്ഥലമെന്ന് കേരളത്തെ വിശേഷിപ്പിച്ച് വനിതാ സഞ്ചാരികള്‍. ഇന്ത്യയിലെ എട്ട് വ്യത്യസ്ത ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ആഴ്ചകളോളം യാത്ര ചെയ്ത എമ്മ എന്ന വിദേശസഞ്ചാരി കേരളത്തിനാണ് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നത്. തായ് ലാന്‍റില്‍ താമസിക്കുന്ന ട്രാവല്‍ വ്ളോഗറാണ് എമ്മ.

കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ഇടമാണെന്നും താന്‍ 10 ല്‍ 9 മാര്‍ക്ക് നല്‍കുമെന്നും എമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാജ്യത്തെ മറ്റ് ചില ഡെസ്റ്റിനേഷനുകളിലെ നിതാസൗഹൃദമല്ലാത്ത അനുഭവങ്ങളും അവര്‍ പങ്കുവച്ചു. ഇത് ഇന്ത്യയില്‍ വനിതാ യാത്രികരുടെ സുരക്ഷയെക്കുറിച്ച് സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കുകയും ചെയ്തു.

അതേസമയം രണ്ടുതവണ കേരളം സന്ദര്‍ശിച്ച അനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഡല്‍ഹി സ്വദേശി റിന്‍സു സൂസന്‍ സംസ്ഥാനത്തിന്‍റെ ഊഷ്മളതയെയും ആതിഥ്യമര്യാദയെയും പ്രശംസിച്ചു. ചില ദേശീയമാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു.

ടൂറിസം വകുപ്പിന്‍റെ സ്ത്രീ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതിക്ക് കൂടുതല്‍ ആത്മവിശ്വാസവും കരുത്തും പകരുന്ന വാക്കുകളാണ് ഇവയെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്നും ലഭിക്കുന്ന ഇത്തരം അഭിനന്ദനങ്ങള്‍ നമ്മുടെ നാടിനും ടൂറിസം വകുപ്പിനും അത്യന്തം ആഹ്ലാദകരവും അഭിമാനാര്‍ഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ യാത്ര ചെയ്തപ്പോള്‍ ഒരിക്കല്‍ പോലും ഇവിടം സുരക്ഷിതമല്ലെന്നോ അന്യമായൊരിടമെന്നോ തോന്നിയില്ലെന്ന് റിന്‍സു സൂസന്‍ ചൂണ്ടിക്കാട്ടുന്നു.

"കേരളത്തിലേക്ക് വരുന്നത് തനിക്ക് പുതിയ കാര്യമല്ല. 2023 ല്‍ വര്‍ക്കല, തിരുവനന്തപുരം, കോവളം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം മൂന്നാറില്‍ എത്തിയപ്പോഴും അനുഭവം അതുല്യമായിരുന്നു" റിന്‍സു പറയുന്നു. മാന്യത നിറഞ്ഞ പെരുമാറ്റവും മികച്ച ഗതാഗത സൗകര്യങ്ങളും ഉള്ളതിനാല്‍ കേരളത്തില്‍ ഏറ്റവും സുരക്ഷിതത്വം തോന്നുന്നു. ആരും അസ്വസ്ഥമാക്കുന്ന രീതിയില്‍ പെരുമാറിയില്ല. അതാണ് ഏറ്റവും സന്തോഷം തോന്നിപ്പിച്ചത്.
ഭാഷയിലെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആള്‍ക്കാര്‍ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചു. ആ മനസ്സ് തന്നെയാണ് കേരളത്തെ പ്രത്യേകതയുള്ളതാക്കുന്നത്. രണ്ട് തവണ കേരളം സന്ദര്‍ശിച്ചതിലൂടെ ഇത് ശുചിത്വവും സുരക്ഷിതത്വവും മനോഹരമായ സംസ്കാരവും നിറഞ്ഞ പ്രദശമാണെന്ന് തിരിച്ചറിഞ്ഞു. കേരളം ഓരോരുത്തര്‍ക്കും എന്തെങ്കിലും നല്‍കുന്ന സ്ഥലമാണ്. പ്രകൃതിസൗന്ദര്യം, തുറന്ന മനസ്സുള്ള മനുഷ്യര്‍, പുതുമയും സമാധാനവും എന്നിവയെല്ലാം ഇവിടെ ഒത്തുചേരുന്നു. കേരളം ഇങ്ങനെ തന്നെ ശുചിത്വവും സൗന്ദര്യവും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കട്ടെയെന്നും അവര്‍ ആശംസിക്കുന്നു.

'എട്ട് നഗരങ്ങളിലൂടെ ആഴ്ചകള്‍ നീണ്ട എന്‍റെ സത്യസന്ധമായ അനുഭവം' എന്ന തലക്കെട്ടിലുള്ള റീല്‍ ആണ് എമ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. വടക്ക് നിന്ന് തെക്കോട്ട് ഇന്ത്യയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ തനിക്ക് എത്രത്തോളം സുരക്ഷിതത്വം അനുഭവപ്പെട്ടുവെന്ന് അവര്‍ വിശദീകരിക്കുന്നു. ഡല്‍ഹിയില്‍ തുടങ്ങി കേരളത്തില്‍ അവസാനിക്കുന്നതാണ് അവരുടെ യാത്ര. ചിലയിടങ്ങളില്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പടെ സ്ത്രീകള്‍ നേരിടുന്ന സുരക്ഷക്കുറവും വിനോദസഞ്ചാരികള്‍ക്കു നേരെയുള്ള തട്ടിപ്പും ഈ നഗരങ്ങളില്‍ അനുഭവപ്പെട്ടതായി ഇവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം തന്‍റെ യാത്രയിലെ ഏറ്റവും മികച്ച അനുഭവം കേരളമായിരുന്നു എന്ന് പറഞ്ഞ എമ്മ ശാന്തവും, വൃത്തിയുള്ളതും, ബഹുമാനമര്‍ഹിക്കുന്നതുമാണെന്ന് കേരളത്തെ വിശേഷിപ്പിച്ചു. തികച്ചും വേറിട്ട പ്രദേശമാണ് കേരളമെന്നും ഇന്ത്യയിലേക്ക് ആദ്യമായി വരുന്ന സഞ്ചാരിയാണെങ്കില്‍ യാത്ര കേരളത്തില്‍ നിന്ന് ആരംഭിക്കണമെന്നും അവര്‍ എടുത്തുപറയുന്നു.
Advertisment
Advertisment