New Update
/sathyam/media/media_files/2025/07/25/physical-ailments-women-2025-07-25-18-39-16.jpg)
കൊച്ചി: ശാരീരികമായ അസ്വാസ്ഥ്യങ്ങളും ലിംഗപരമായ വേര്‍തിരിവുകളും മറികടന്ന വിജയകരമായ കരിയര്‍ സൃഷ്ടിച്ച സ്ത്രീകളുടെ അനുഭവകഥകള്‍ കെഎസ് യുഎം സംഘടിപ്പിച്ച കേരള ഇനോവേഷന്‍ ഫെസ്റ്റിവലില്‍ (കെഐഎഫ്)നൂറുകണക്കിന് പേര്‍ക്ക് പ്രചോദകമായി. കെഐഎഫിനോടനുബന്ധിച്ച് നടത്തിയ ഷീ ലീഡ്‌സ് ഉച്ചകോടിയിലാണ് സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചത്.
പതിനഞ്ചാം വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ട ഗീതാ ശൈലേഷ് പരിമിതികളെ മറികടന്ന് സ്വന്തം ഭക്ഷ്യസംസ്‌ക്കരണ സംരംഭം പടുത്തുയര്‍ത്തിയ കഥ ബ്രേക്കിംഗ് ബയാസ്, ജെന്‍ഡര്‍ ആക്‌സസ് ആന്‍ഡ് ഓപ്പര്‍ച്യുണിറ്റി ഇന്‍ ഇനോവേഷന്‍ എന്ന പാനല്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. ഓരോ തിരിച്ചടിയിലും മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജമാണ് ലഭിച്ചതെന്നവര്‍ പറഞ്ഞു. 350 കൃഷിക്കാര്‍ ഇന്ന് ഈ സംരംഭവുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്നു. ശാരീരിക വൈകല്യങ്ങള്‍ ബുദ്ധിമുട്ടായി കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.
നിരന്തരമായി നൈപുണ്യ ശേഷി മെച്ചപ്പെടുത്തുകയെന്നതാണ് ജോലിയില്‍ ഉയര്‍ച്ച നേടാനുള്ള പ്രധാന വഴിയെന്ന് അത്യപൂര്‍വ രോഗം ബാധിച്ച് വീല്‍ചെയറിലായ എനേബിള്‍ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ധന്യ രവി പറഞ്ഞു. നൂനതത്വമെന്നത് സാങ്കേതികവിദ്യയുമായി മാത്രം കൂട്ടിച്ചേര്‍ത്തു കാണേണ്ട ഒന്നല്ലെന്നും എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്താനുള്ളതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
ശാരീരിക ബുദ്ധിമുട്ടുള്ളവരെ പരിശീലിപ്പിക്കുന്നതില്‍ രാജ്യത്തെ സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ടെന്ന് അനിത ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. അനിത പ്രസാദ് പറഞ്ഞു. സംരംഭക മേഖലയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള സമീപനം വേണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയായ അവര്‍ ചൂണ്ടിക്കാട്ടി. കെഎസ് യുഎമ്മിലെ സീനിയര്‍ ടെക്‌നോളജി ഫെലോ വിനീത ജോസഫ് മോഡറേറ്ററായിരുന്നു.
ഹെര്‍ ടേണ്‍, പവര്‍ പ്രോഗ്രസ് ആന്‍ഡ് പോസിബിലിറ്റി എന്ന വിഷയത്തില്‍ വിംഗ് മാന്‍ സ്ഥാപക ശ്രുതി കപൂര്‍, ക്യുസെന്‍സ് ലാബ്‌സ് സഹസ്ഥാപക റുബാല്‍ ചിബ്, സൂപ്പര്‍ ബ്ര്യാന്‍ സഹസ്ഥാപക നികിത ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
ദി റോള്‍ ഓഫ് സ്റ്റാര്‍ട്ടപ്പ് എനേബളേഴ്‌സ് ഇന്‍ ഇന്ത്യ എന്ന വിഷയത്തില്‍ ഐഐഎം ബംഗളുരുവിലെ സെന്റര്‍ ഓപ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഇന്‍കുബേറ്റര്‍ സിഇഒ ഡോ. ആനന്ദ് ശ്രീഗണേഷ് സംസാരിച്ചു. പ്രൊഫേസ് ടെക്‌നോളജീസ് സ്ഥാപക ലക്ഷ്മി ദാസ് തന്റെ സംരംഭക യാത്രയെക്കുറിച്ച് സംസാരിച്ചു.
കളമശേരിയിലെ കെഎസ് യുഎം ഡിജിറ്റല്‍ ഹബില്‍ നടക്കുന്ന ഇനോവേഷന്‍ ഫെസ്റ്റിവലിന്റെ ആദ്യ ദിനം പതിനായിരത്തിലേറെ പേരാണ് പങ്കെടുത്തത്. ഫെസ്റ്റിവല്‍ നാളെ സമാപിക്കും.