തിരുവനന്തപുരം: ഇടുക്കി ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് ഇതു സംബന്ധിച്ച് വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
മരണം ആത്മഹത്യയെന്നാണ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.
ചൊവ്വാഴ്ച രാവിലെയാണ് പതിനേഴുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്.