/sathyam/media/media_files/2025/08/24/kerala-police-2025-08-24-21-41-48.webp)
തിരുവനന്തപുരം: മോശം സന്ദേശങ്ങൾ അയച്ചെന്ന വനിതാ എസ്ഐമാരുടെ പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ വി.ജി. വിനോദ് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ.
എസ്പി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല. മുൻ എസ്പി വി.ജി. വിനോദ് കുമാർ തൊഴിൽ സ്ഥലത്ത് മാനസികമായി പീഡിപ്പിച്ചുവെന്നും മോശം സന്ദേശങ്ങൾ അയച്ചുവെന്നും കാട്ടി പത്തനംതിട്ടയിലെ രണ്ട് വനിത എസ്ഐമാരാണ് ദിവസങ്ങൾക്ക് മുമ്പ് റേഞ്ച് ഡിഐജി അജിത ബീഗത്തിന് പരാതി നൽകിയത്.
രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി വനിത എസ്ഐമാരുടെ മൊഴിയെടുത്ത ഡിഐജി, ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗീകാതിക്രമം തടയുന്നതിനുള്ള പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകി.
തുടർന്നാണ് ഡിജിപി റവഡ ചന്ദ്രശേഖർ പോലീസ് ആസ്ഥാനത്തെ വുമൺ കംപ്ലയിന്റ് സെൽ അധ്യക്ഷയായ എസ്പി മെറിൻ ജോസഫിന് അന്വേഷണ ചുമതല കൈമാറിയത്.
പത്തനംതിട്ട മുൻ ജില്ല പോലീസ് മേധാവിയായ വി.ജി. വിനോദ് കുമാർ ഇപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫിസിൽ എഐജിയാണ്. പോക്സോ കേസിലെ അന്വേഷണ മേൽനോട്ടത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ദക്ഷിണ മേഖല ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലംമാറ്റം. എന്നാൽ, പകരം നിർണായക സ്ഥാനത്തേക്കായിരുന്നു നിയമനം.
പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിത ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടിയോ വകുപ്പുതല നടപടിയോ ഉണ്ടാകും.