കോട്ടയം: എച്ച്ഐവി അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും എച്ച്ഐവി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എന്‍ പ്രിയ അറിയിച്ചു. 'അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
എച്ച്.ഐ.വി ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ജനവിഭാഗങ്ങളെയും എച്ച് .ഐ.വി അണുബാധിതരെയും, കുടുംബങ്ങളെയും മുഖ്യധാരയിലെത്തിക്കുന്നതും അവരുടെ മനുഷ്യാവകാശങ്ങള്‍, മൗലിക അവകാശങ്ങള്‍, നിയമപരമായ അവകാശങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതുമാണ് ഈ വര്‍ഷത്തെ പ്രതിപാദ്യ വിഷയം. അവരെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താതെ അവകാശങ്ങള്‍ ഉറപ്പുവരുത്തി സ്വയം ശാക്തീകരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട് എന്നുമാണ് ഈവര്‍ഷത്തെ സന്ദേശം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ രണ്ടിനു കാഞ്ഞിരപ്പള്ളി എസ്.ഡി കോളജില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ സര്‍ക്കാര്‍ ആശുപത്രികളുടെയും, കോളജുകളിലെ റെഡ് റിബ്ബണ്‍ ക്ലബ്ബുകളുടെയും, രക്തദാന ഫോറങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഡിസംബര്‍ രണ്ടിനു കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, തിരുനക്കര, കോട്ടയം റയില്‍വേ സ്റ്റേഷന്‍, എരുമേലി എന്നിവിടങ്ങളില്‍ എച്ച്ഐവി രക്ത പരിശോധനയും ബോധവത്കരണ പ്രദര്ശനവും നടക്കും. ജവഹര്‍, ലാസ്യകൈരളി, സ്നേഹിത, കെ.വി.എച്ച്.എസ് എന്നീ സുരക്ഷാ പ്രൊജെക്ടുകള്‍ നേതൃത്വം നല്‍കും.
ദിനാചരണത്തോടനുബന്ധിച്ച് മൂന്നു രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും ഡിസംബര്‍ ഒന്നിനു കാവുങ്കണ്ടം വിശുദ്ധ മാറിയ ഗൊരേത്തി പള്ളി (പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍), ഡിസംബര്‍ രണ്ടിനു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ്. (കോട്ടയം ലയണ്‍സ് എസ് എച്ച് മെഡിക്കല്‍ സെന്ററിന്റെ നേനതൃത്വത്തില്‍) എന്നിവിടങ്ങളില്‍ രക്തദാനക്യാമ്പുകള്‍ സംഘടിപ്പിക്കും.