/sathyam/media/media_files/2025/01/07/OtpBFBYCw4hQydWQYiqB.jpg)
കോട്ടയം: ചേര്‍ത്തലയില്‍ നിന്ന് കക്കൂസ് മാലിന്യം തള്ളാനായി കോട്ടയത്ത് എത്തിയവരെ ഓടിച്ചിട്ട് പിടികൂടി നഗരസഭാ അധികൃതര്‍. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
കോട്ടയം നഗരസഭയിലെ വനിതാ ജീവനക്കാരും കൗണ്‍സിലര്‍മാരുമടക്കമുള്ളവരാണ് കക്കൂസ് മാലിന്യവുമായി എത്തിയവരെ ഓടിച്ചിട്ട് പിടികൂടിയത്. പാറേച്ചാല്‍ ബൈപ്പാസില്‍ സംശയകരമായി കണ്ട ലോറിയുമായി കണ്ടവര്‍ നഗരസഭാ അധികൃതരെ കണ്ടതോടെ സ്ഥലം വിടുകയായിരുന്നു.
ലോറിയില്‍ ഉണ്ടായിരുന്നവര്‍ പാറേച്ചാല്‍ ഭാഗത്ത് നിന്ന് വാഹനം ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇവരെ നഗരസഭാ അധികൃതര്‍ പുത്തനങ്ങാടി പള്ളിക്ക് മുന്‍പില്‍ വച്ച് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തിരുവാതുക്കല്‍ സോണ്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. സിനി, ജനറല്‍ സോണ്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടിയത്.
കോട്ടയം നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ സി.ടി. രഞ്ജിത്തും നഗരസഭ അംഗം അഡ്വ. ടോം കോര അഞ്ചേരിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. മാലിന്യം കൊണ്ടുവന്ന സംഘത്തിലെ ഒരാള്‍ രക്ഷപ്പെട്ടു.
ബുധനാഴ്ച രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ സ്‌ക്വാഡ് പാറേച്ചാല്‍ ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ ടാങ്കര്‍ ലോറി കണ്ടതോടെയാണ് സംഭവങ്ങളുടെ ആരംഭം. ലോറി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സ്‌ക്വാഡ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇവര്‍ വാഹനം ഓടിച്ചുപോയി.
ഇതോടെ ലോറിയെ പിന്‍തുടര്‍ന്നു. ഒപ്പം വിവരം കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിച്ചു. പുത്തനങ്ങാടി ഭാഗത്ത് എത്തിയതും ലോറി ഉപേക്ഷിച്ച് വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും ഇറങ്ങി ഓടി.
ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ തിരുവാതുക്കല്‍ ഭാഗത്തുവച്ചാണ് പിടിയിലായത്. ഈ സമയം സ്ഥലത്ത് എത്തിയ കണ്‍ട്രോള്‍ റൂം പോലീസിന് ഇവരെ കൈമാറി. തുടര്‍ന്ന് വാഹനം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
നേരത്തെ പലതവണ കോടിമതയിലും ഇവര്‍ മാലിന്യം തള്ളിയിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നത്. നഗരസഭാ ജീവനക്കാരായ മനോഷ്, ഗോപാലകൃഷ്ണ ചെട്ടിയാര്‍, ഡ്രൈവര്‍ സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.