കൊച്ചി: മത്സ്യമേഖലയില്‍ സബ്സിഡി നിര്‍ത്തലാക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) കരാറിന്‍മേലുള്ള ചര്‍ച്ചകളില്‍ ചെറുകിട മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യം. സബ്സിഡി വിഷയത്തില്‍ വികസ്വര രാജ്യങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്ന് കൊച്ചിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ നിര്‍ദേശിച്ചു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവുമായി (സിഎംഎഫ്ആര്‍ഐ), സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) എന്നിവരുമായി സഹകരിച്ച് ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം-ഇന്റര്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ (ബിഒബിപി-ഐജിഒ) സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഫിഷറീസ് ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ധര്‍, വ്യാപാര-നിക്ഷേപ-നിയമ രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.
മത്സ്യമേഖലയില്‍ വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളും വലിയ അന്തരമാണുള്ളത്. മുന്‍കാലങ്ങളില്‍, സബ്സിഡികള്‍ മുഖേനയാണ് വികസിത രാജ്യങ്ങള്‍ അവരുടെ ഫിഷറീസ് രംഗം വന്‍വ്യവസായമാക്കി മാറ്റിയത്. ഇതിലൂടെ, വ്യാവസായിക യാനങ്ങള്‍ നിര്‍മിച്ച് പരിസ്ഥിതി ആഘാതങ്ങള്‍ പരിഗണിക്കാതെ വന്‍തോതില്‍ വിഭവചൂഷണം നടത്തി.
എന്നാല്‍, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ മീന്‍പിടുത്തം ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാണ്. മാത്രമല്ല, രാജ്യത്ത് ഭക്ഷ്യഭദ്രതതയെ താങ്ങിനിര്‍ത്തുന്നതില്‍ മത്സ്യമേഖല സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.
അതിനാല്‍, ഈ കരാറിന്‍മേലുള്ള ചര്‍ച്ചകള്‍ മത്സ്യബന്ധന മേഖലയിലെ സുസ്ഥിര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിലും ഊന്നല്‍ നല്‍കണമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയെ (എഫ് എ ഒ) പ്രതിനിധീകരിച്ച് സാമ്പത്തിക വിദഗ്ധ പിനര്‍ കര്‍ക്കയ സംസാരിച്ചു. മത്സ്യമേഖലയില്‍ സുസ്ഥിരത ഉറപ്പാക്കാന്‍ കരാര്‍ പ്രയോജനകരമാകുമെന്ന് അവര്‍ പറഞ്ഞു.
എന്നാല്‍, കരാറിലെ നിര്‍വചനങ്ങളും പല വ്യവസ്ഥകളും ആശങ്കാജനകമാണെന്ന് ചര്‍ച്ചയില്‍ സംസാരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കരാറില്‍ സൂചിപ്പിച്ച അമിതമത്സ്യബന്ധനം, നിയമവരുദ്ധ മീന്‍പിടുത്തം, അമിതചൂഷണം എന്നിവ കൃത്യമായി വിലയിരുത്താന്‍ ശാസ്ത്രീയ പിന്തുണ ആവശ്യമാണ്. ഇതിന്, വിവിധ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ആവശ്യമാണ്.
ചൈന പോലുള്ള പ്രധാന മത്സ്യബന്ധന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സബ്‌സിഡി വളരെ കുറവാണ്. സബ്‌സിഡികള്‍ പ്രതിശീര്‍ഷ അടിസ്ഥാനത്തില്‍ കണക്കാക്കുകയാണ് വേണ്ടതെന്നും പാനല്‍ ചര്‍ച്ചയില്‍ നിര്‍ദേശം വന്നു.
തായ്‌ലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബിഒബിപി ഡയറക്ടര്‍ ഡോ പി കൃഷ്ണന്‍ ചര്‍ച്ച നിയന്ത്രിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ട്രേഡിലെ സെന്റര്‍ ഫോര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലോ മേധാവി പ്രൊഫ ജെയിംസ് നെടുമ്പറ, എംപിഇഡിഎ ഡയറക്ടര്‍ ഡോ എം കാര്‍ത്തികേയന്‍, തമിഴ്‌നാട് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ ഡോ. എസ് അമൃതലിംഗം, നളന്ദ സര്‍വകലാശാലയിലെ ഡീന്‍ ഡോ. കിഷോര്‍ ധവാല, മുംബൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷനിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ പി എസ് അനന്തന്‍, സെന്റര്‍ ഫോര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലോയിലെ ലീഗല്‍ കണ്‍സള്‍ട്ടന്റ് സുനന്ദ തിവാരി എന്നിവര്‍ സംസാരിച്ചു.