'യാനം' ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലിലെ പ്രഭാഷകരായി ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരും ഇന്‍ഫ്ളുവന്‍സേഴ്സും

ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ നടക്കുന്ന ഫെസ്റ്റില്‍ ബുക്കര്‍ ജേതാവ് ഷെഹാന്‍ കരുണതിലക, ഗ്രാമി പുരസ്കാര ജേതാവ് പ്രകാശ് സോണ്‍തെക്ക ഉള്‍പ്പടെ മുപ്പതിലേറെ പ്രഭാഷകര്‍

New Update
tourism_minister_mr_p_a_mohamed_riyas_addresses_the_media_on_the_travel_literary_festival_yaanam20251007192542_2344_1
തിരുവനന്തപുരം: ഒക്ടോബര്‍ 17 മുതല്‍ 19 വരെ വര്‍ക്കലയില്‍ നടക്കുന്ന കേരള ടൂറിസത്തിന്‍റെ 'യാനം' ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലിന്‍റെ ആദ്യ പതിപ്പ് ഇന്ത്യയിലും വിദേശത്തെയും എഴുത്തുകാര്‍, കലാകാരന്മാർ , ഡോക്യുമെന്‍ററി സംവിധായകര്‍, വ്ളോഗര്‍മാര്‍, യാത്രാപ്രേമികള്‍, പാചകരംഗത്തെ പ്രഗത്ഭര്‍ എന്നിവരുടെ കൂടിച്ചേരലിന് വേദിയൊരുക്കും. വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖ വ്യക്തികളുടെ സര്‍ഗാത്മക അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും പങ്കിടാനുള്ള ഇടമായി ഫെസ്റ്റിലെ സെഷനുകള്‍ മാറും.
Advertisment


ബുക്കര്‍ സമ്മാന ജേതാവ് ഷെഹാന്‍ കരുണതിലക, ഗ്രാഷ്യന്‍ അവാര്‍ഡ് നേടിയ ശ്രീലങ്കന്‍ എഴുത്തുകാരന്‍ ആന്‍ഡ്രൂ ഫിഡല്‍ ഫെര്‍ണാണ്ടോ എന്നിവരുള്‍പ്പെടെ 33 പ്രഭാഷകരുടെ ശ്രദ്ധേയമായ നിരയാണ് യാനം ഫെസ്റ്റിലുള്ളത്.

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ് തുടങ്ങി ടൂറിസം പ്രചാരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വ്യത്യസ്തമായ സമ്മേളനങ്ങളുടെ മാതൃകയില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് യാനം ഫെസ്റ്റിവെല്‍. ഇത്തരമൊരു ആശയം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്.

'സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്' എന്നതാണ് ഫെസ്റ്റിവെലിന്‍റെ കേന്ദ്രപ്രമേയം. സാഹിത്യവും യാത്രയുമായുള്ള ചിരകാല ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.

travel-lit-fest-‘Yaanam-at-Varkala



ഗ്രാമി അവാര്‍ഡ് ജേതാവായ സംഗീതജ്ഞന്‍ പ്രകാശ് സോണ്‍തെക്ക, വര്‍ത്തമാനകാല ഓര്‍ഫ്യൂസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവിയും നാടകകൃത്തും യാത്രാ എഴുത്തുകാരിയുമായ പ്രൊഫ. നതാലി ഹാന്‍ഡല്‍, പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യര്‍ എന്നിവര്‍ പ്രഭാഷകരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

നൂതനമായ കാമ്പയിനുകളിലൂടെ അന്താരാഷ്ട്ര പ്രശംസ നേടിയ കേരള ടൂറിസത്തിന്‍റെ കൈയൊപ്പ് പതിഞ്ഞ വൈവിധ്യമാര്‍ന്ന പരിപാടിയായിരിക്കും യാനം എന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രധാനപ്പെട്ട മൈസ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള കേരളത്തിന്‍റെ സന്നദ്ധതയുടെ തെളിവായിരിക്കും ഇത്. യാനം ഒരു യാത്രാ സാഹിത്യോത്സവം മാത്രമല്ല. യാത്രകളെ വ്യത്യസ്ത രീതിയില്‍ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമം ആയിരിക്കും. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതല്‍ അടയാളപ്പെടുത്തുവാനാണ് ഫെസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്. വര്‍ക്കലയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിനു പരിചയെപ്പടുത്താനും യാനത്തിലൂടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

w-380,imgid-01k76s8zg4mx9argrkn756f9bq,imgname-yaanam-1760090684928



ടിബറ്റന്‍ കവി ടെന്‍സിന്‍ സുണ്ടു, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവര്‍ത്തി, 2015 ലെ ഹെന്‍റി കാര്‍ട്ടിയര്‍ ബ്രെസണ്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആശ തദാനി എന്നിവരും പരിപാടിയിലെ മറ്റ് പ്രമുഖരാണ്.

പ്രസിദ്ധ യാത്രാ ഡോക്യുമെന്‍ററി നിര്‍മ്മാതാക്കളായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്, ഫുഡ് ഗുരു കാരെന്‍ ആനന്ദ്, പ്രമുഖ യാത്രാ വ്ളോഗര്‍ കൃതിക ഗോയല്‍ എന്നിവരും യാനത്തിന്‍റെ വേദിയില്‍ എത്തും.

ശ്രീലങ്കന്‍ എഴുത്തുകാരി സിയാര മണ്ടുലി മെന്‍ഡിസ് എഴുത്തിന്‍റെയും യാത്രയുടെയും അനുഭവങ്ങള്‍ പങ്കിടും. ഇന്ത്യയെക്കുറിച്ചുള്ള അധ്യായം ഉള്‍പ്പെടുന്ന സിയാരയുടെ 'ഗാലിവന്‍റിങ്: എ റൈറ്റേഴ്സ് ജേര്‍ണീസ് എക്രോസ് സിക്സ് കണ്‍ട്രീസ് ചേസിങ് സണ്‍സെറ്റ്സ് സ്റ്റോറീസ് ആന്‍ഡ് സസ്പീഷ്യസ് എമൗണ്ട്സ് ഓഫ് ടീ' എന്ന യാത്രാവിവരണം അടുത്തിടെ കൊളംബോയില്‍ പ്രകാശനം ചെയ്തിരുന്നു.

ഗോള്‍ഡന്‍ ആസ്റ്റര്‍ ഗ്ലോബല്‍ ലിറ്ററേച്ചര്‍ പ്രൈസ് ജേതാവായ ശ്രീലങ്കന്‍ എഴുത്തുകാരന്‍ പ്രമുദിത്ത് ഡി രൂപസിംഗെയാണ് യാനത്തില്‍ പങ്കെടുക്കുന്ന മറ്റൊരു പ്രധാന എഴുത്തുകാരന്‍. അദ്ദേഹത്തിന്‍റെ സാഹിത്യകൃതികള്‍ പ്രധാനമായും ജന്മനാടിനപ്പുറത്തുള്ള പശ്ചാത്തലങ്ങളിലാണ് വികസിക്കുന്നത്. കഥപറച്ചിലിലെ ഈ അതുല്യ സമീപനം അദ്ദേഹത്തിന് 'ദി റൈറ്റര്‍ വിത്തൗട്ട് ബോര്‍ഡേഴ്സ്' എന്ന വിശേഷണം നേടിക്കൊടുത്തു.

കേരളത്തില്‍ നിന്നുള്ള 22കാരിയായ സോളോ ട്രാവലര്‍ അഫീദ ഷെറിന്‍ മൗറീഷ്യസിലേക്കുള്ള തന്‍റെ ആദ്യ അന്താരാഷ്ട്ര യാത്രയെക്കുറിച്ച് ഫെസ്റ്റില്‍ സംസാരിക്കും.

ബെംഗളൂരുവില്‍ നിന്നുള്ള എഴുത്തുകാരിയും എഡിറ്ററുമായ സുമ ടെക്കൂറിന്‍റെ 'ദി മോങ്ക്സ് ഹു ലാഫ്ഡ് വെന്‍ ദി ബംബിള്‍ബീ സ്റ്റങ് മി' (2024) എന്ന പുസ്തകം 18 രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകളെക്കുറിച്ച് വിവരണമാണ്. ഇതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ അവര്‍ പങ്കുവയ്ക്കും.

ജോഹന്നാസ്ബര്‍ഗിലെ പ്രശസ്തമായ യോവില്‍ ഡിന്നര്‍ ക്ലബ്ബിന്‍റെ സ്ഥാപകനായ 'എ ഗ്യാസ്ട്രോണമിക് സ്മഗ്ളര്‍' എന്നറിയപ്പെടുന്ന ഷെഫ് സാന്‍സ സാന്‍ഡില്‍ യാനത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. ആഫ്രിക്കയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം അത്താഴ മേശയിലെ ആഫ്രിക്കന്‍ വിഭവങ്ങളെക്കുറിച്ചുള്ള ആസ്വാദനവും സാന്‍സയുടെ സെഷന്‍റെ സവിശേഷതയാകും.

ആറ് രാജ്യങ്ങളിലായി 17,000 കിലോമീറ്റര്‍ ബൈക്കിംഗ് നടത്തിയ പിയ ബഹാദൂര്‍ സാഹസികവും സ്ത്രീകള്‍ക്ക് പ്രചോദനവുമാകുന്ന തന്‍റെ യാത്രാനുഭവങ്ങള്‍ ഫെസ്റ്റില്‍ പങ്കുവയ്ക്കും. പിയയുടെ യാത്രാനുഭവങ്ങളുടെ പുസ്തകമാണ് 'റോഡ് ടു മെകോങ്'.

yaanam-share-img


പ്രശസ്ത ട്രാവല്‍ ഡോക്യുമെന്‍ററി സംവിധായകരും എഴുത്തുകാരുമായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്ക്, സിമ്പിള്‍ കുക്കിംഗ് എന്ന പുസ്തക പരമ്പരയിലൂടെ പാരീസിലെ ഗോര്‍മണ്ട് വേള്‍ഡ് കുക്ക്ബുക്ക് അവാര്‍ഡിന് നാമനിര്‍ദേശം നേടിയ ഫുഡ് ഗുരു കരണ്‍ ആനന്ദ്, ട്രാവല്‍ വ്ളോഗറും സ്റ്റോറി ടെല്ലറുമായ കൃതിക ഗോയല്‍, കവിയും പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റും ക്യൂറേറ്ററുമായ മധു രാഘവേന്ദ്ര, എഴുത്തുകാരനും പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനുമായ ഉല്ലേഖ് എന്‍.പി, സാംസ്കാരിക എഴുത്തുകാരന്‍ ഫൈസല്‍ ഖാന്‍, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബിനു കെ ജോണ്‍ എന്നിവരും പരിപാടിയുടെ ഭാഗമാകും.

നോവലിസ്റ്റും ക്യൂറേറ്ററുമായ സബിന്‍ ഇക്ബാലും എഴുത്തുകാരി നിര്‍മ്മല ഗോവിന്ദരാജനും ചേര്‍ന്നുള്ള സംഘമാണ് യാനം ഫെസ്റ്റിവെല്‍ ക്യുറേറ്റ് ചെയ്യുന്നത്.

എഴുത്ത്, ഫേട്ടോഗ്രഫി, ആയുര്‍സൗഖ്യം (വെല്‍നെസ്) തുടങ്ങിയ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ പരിശീലന കളരികളും യാനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Advertisment