New Update
/sathyam/media/media_files/2025/10/10/tourism_minister_mr_p_a_mohamed_riyas_addresses_the_media_on_the_travel_literary_festival_yaanam20251007192542_2344_1-2025-10-10-18-23-54.jpg)
തിരുവനന്തപുരം: ഒക്ടോബര്‍ 17 മുതല്‍ 19 വരെ വര്‍ക്കലയില്‍ നടക്കുന്ന കേരള ടൂറിസത്തിന്‍റെ 'യാനം' ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലിന്‍റെ ആദ്യ പതിപ്പിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഫെസ്റ്റിവലിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എംഎല്‍എ വി ജോയിയുടെ അധ്യക്ഷതയില്‍ നടന്ന അവലോകനയോഗത്തിലാണ് സ്വാഗത സംഘം രൂപീകരിച്ചത്.
Advertisment
വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ എം ലാജിയുടെ അധ്യക്ഷതയിലുള്ള സ്വാഗത സംഘത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും ടൂറിസം വ്യവസായ പങ്കാളികളും ഉള്‍പ്പെടുന്നു.
ഫെസ്റ്റിവലിന്‍റെ സുഗമമായ നടത്തിപ്പിനു വേണ്ടി സ്വീകരിക്കേണ്ട നടപടികള്‍ അവലോകന യോഗം ചര്‍ച്ച ചെയ്തു. പ്രാദേശിക പങ്കാളിത്തം പൂര്‍ണമായി ഉറപ്പു വരുത്തണമെന്ന് യോഗം ഏകകണ്ഠേന അഭിപ്രായപ്പെട്ടു. ലോകടൂറിസം ഭൂപടത്തില്‍ പ്രമുഖ സ്ഥാനത്തുള്ള വര്‍ക്കലയെ സഞ്ചാര സാഹിത്യ ലോകത്തും മുന്‍പന്തിയിലെത്തിക്കാന്‍ ഈ ഫെസ്റ്റിവല്‍ വഴിയൊരുക്കുമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. പരിപാടിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ടൂറിസം വകുപ്പ് യോഗത്തില്‍ അവതരിപ്പിച്ചു.
ഇന്ത്യയിലും വിദേശത്തെയും എഴുത്തുകാര്‍, കലാകാരന്മാർ , ഡോക്യുമെന്‍ററി സംവിധായകര്‍, വ്ളോഗര്‍മാര്‍, യാത്രാപ്രേമികള്‍, പാചകരംഗത്തെ പ്രഗത്ഭര്‍ എന്നിവരുടെ കൂടിച്ചേരലിന് യാനത്തിലൂടെ വേദിയൊരുക്കും. വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖ വ്യക്തികളുടെ സര്‍ഗാത്മക അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും പങ്കിടാനുള്ള ഇടമായി ഫെസ്റ്റിലെ സെഷനുകള്‍ മാറും.
ബുക്കര്‍ സമ്മാന ജേതാവ് ഷെഹാന്‍ കരുണതിലക, ഗ്രാഷ്യന്‍ അവാര്‍ഡ് നേടിയ ശ്രീലങ്കന്‍ എഴുത്തുകാരന്‍ ആന്‍ഡ്രൂ ഫിഡല്‍ ഫെര്‍ണാണ്ടോ എന്നിവരുള്‍പ്പെടെ 33 പ്രഭാഷകരുടെ ശ്രദ്ധേയമായ നിരയാണ് യാനം ഫെസ്റ്റിലുള്ളത്.
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ് തുടങ്ങി ടൂറിസം പ്രചാരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വ്യത്യസ്തമായ സമ്മേളനങ്ങളുടെ മാതൃകയില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് യാനം ഫെസ്റ്റിവെല്‍. ഇത്തരമൊരു ആശയം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്.
'സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്' എന്നതാണ് ഫെസ്റ്റിവെലിന്‍റെ കേന്ദ്രപ്രമേയം. സാഹിത്യവും യാത്രയുമായുള്ള ചിരകാല ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.
എഴുത്ത്, ഫേട്ടോഗ്രഫി, ആയുര്‍സൗഖ്യം (വെല്‍നെസ്) തുടങ്ങിയ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ പരിശീലന കളരികളും യാനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങള്‍ക്കുമായി- www.keralatourism.org/yaanam എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.