യെസ് ബാങ്കിന് 654 കോടി രൂപയുടെ അറ്റാദായം

New Update
ertyujhgfert6uy7io

കൊച്ചി: യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 18.3 ശതമാനം വളര്‍ച്ചയോടെ  654  കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 32.9 വളര്‍ച്ചയോടെയും ത്രൈമാസാടിസ്ഥാനത്തില്‍ 31.8 ശതമാനം വളര്‍ച്ചയോടെയും ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം 1,296 കോടി രൂപയായി വര്‍ദ്ധിച്ചു.

Advertisment

വാര്‍ഷികാടിസ്ഥാനത്തില്‍ 4.6 ശതമാനം വളര്‍ച്ചയോടെ അറ്റപലിശ വരുമാനം രണ്ടാം പാദത്തില്‍ 2,301 കോടി രൂപയിലെത്തി. അറ്റ പലിശ മാര്‍ജിന്‍  2.5 ശതമാനമായി വാര്‍ഷികാടിസ്ഥാനത്തില്‍ 10 ബേസിസ് പോയിന്‍റ് വര്‍ദ്ധിച്ചു. പലിശ ഇതര വരുമാനം 1,644 കോടി രൂപയിലെത്തി.

ബാങ്ക് തുടര്‍ച്ചയായ അഞ്ചാം ത്രൈമാസത്തിലും  ചെലവ്-വരുമാന അനുപാതം കുറച്ച് ഇത് 67.1 ശതമാനം എന്ന നിലയിലെത്തിച്ചു. രണ്ടാം പാദത്തില്‍ ആസ്തിയിന്മേലുള്ള വരുമാനം ആദ്യ പാദത്തിലെ 0.5 ശതമാനത്തില്‍ നിന്ന് 0.6 ശതമാനമായി മെച്ചപ്പെട്ടു.

മൊത്തം നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.9 ശതമാനവും  ത്രൈമാസാടിസ്ഥാനത്തില്‍ 7.4 ശതമാനവും  വര്‍ദ്ധിച്ച് 2,96,276 കോടി രൂപയിലെത്തി. കറന്‍റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 170  ബേസിസ് പോയിന്‍റും ത്രൈമാസാടിസ്ഥാനത്തില്‍ 90 ബേസിസ് പോയിന്‍റും ഉയര്‍ന്ന് 33.7 ശതമാനമായി. അറ്റ വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍  6.4 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 3.8 ശതമാനവും  വളര്‍ച്ചയോടെ 2,50, 212 കോടി രൂപയിലെത്തി. 

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍  ബാങ്ക് ശക്തമായ പ്രകടനം കാഴ്ച വെച്ചെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു. കറന്‍റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളില്‍ തുടര്‍ച്ചയായ മികച്ച പ്രകടനമാണ് ബാങ്ക് നടത്തിയത്. വിവിധ വിഭാഗങ്ങളിലുട നീളമുള്ള ശക്തമായ വളര്‍ച്ചയുടെ പിന്തുണയോടെ വിതരണത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. റീട്ടെയില്‍ വിഭാഗത്തിലെ ത്രൈമാസാടിസ്ഥാനത്തിലെ 20 ശതമാനം വളര്‍ച്ചയും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment