/sathyam/media/media_files/2025/09/27/yogesh-guptta-2025-09-27-18-39-19.jpg)
തിരുവനന്തപുരം: ഡി.ജി.പി റാങ്കുള്ള മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ യോഗേഷ് ഗുപ്തയെ തെക്കു- വടക്ക് തട്ടുകയാണ് സർക്കാർ.
മൂന്നു വർഷത്തിനിടെ ഒമ്പത് തവണയാണ് സർക്കാർ സ്ഥലംമാറ്റിയത്. പോലീസിൽ ക്രമസമാധാന ചുമതല നൽകിയതേയില്ല.
പോലീസ് മേധാവിയാക്കാൻ കേന്ദ്രം നൽകിയ പാനലിൽ യോഗേഷ് ഉണ്ടായിരുന്നിട്ടും സർക്കാർ പരിഗണിച്ചില്ല.
അഴിമതിക്കാർക്കെതിരേ കർശന നടപടിയെടുത്ത യോഗേഷ് ഏറെക്കാലമായി സർക്കാരുമായി സ്വരച്ചേർച്ചയിലല്ല. പക്ഷേ അതല്ല യോഗേഷിനെ അടിക്കടി സ്ഥലംമാറ്റാനുള്ള കാരണം.
കേരളത്തിലെ സഹകരണ ബാങ്കുകളിലെ വമ്പൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ വിജിലൻസ് മേധാവിയായിരിക്കെ യോഗേഷ് ശേഖരിച്ചിരുന്നു.
കരുവന്നൂർ മോഡലിൽ സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുന്നതിന്റെ തെളിവുകളും ശേഖരിച്ചു.
കരുവന്നൂർ തട്ടിപ്പ് ഉയർന്നു വന്നപ്പോഴേ സഹകരണ ബാങ്കുകൾക്ക് മേൽ കേന്ദ്രസർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പിടിമുറുക്കിയതാണ്.
നിരവധി ബാങ്ക് തട്ടിപ്പുകളിൽ ഇ.ഡി അന്വേഷണം നടക്കുന്നു. അതിനിടയിലാണ് യോഗേഷ് ഈ തട്ടിപ്പുകളുടെ വിവരങ്ങൾ രഹസ്യമായി ശേഖരിച്ചത്.
അഞ്ചു വർഷം സി.ബി.ഐയിലും ഏഴു വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇ.ഡി) പ്രവർത്തിച്ച ശേഷം 3വർഷം മുൻപാണ് യോഗേഷ് കേരളത്തിൽ തിരിച്ചെത്തിയത്.
വീണ്ടും കേന്ദ്രസർവീസിലേക്ക് പോവാൻ തയ്യാറായ യോഗേഷിനെ ഡൽഹിയിൽ കാത്തിരിക്കുന്നത് ഇ.ഡി മേധാവിയെന്ന വലിയ കസേരയാണ്.
സഹകരണ ബാങ്ക് തട്ടിപ്പുകളുടെ പൂർണ വിവരങ്ങളുമായി യോഗേഷ് ഇ.ഡി മേധാവിയാവുന്നതിലെ അപകടം മണത്തറിഞ്ഞ സർക്കാർ പ്രതിരോധവുമായി രംഗത്തിറങ്ങി. യോഗേഷിന് കേന്ദ്ര സർവീസിലേക്ക് പോവാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല.
അതോടെ യോഗേഷിനെ ഇ.ഡി മേധാവി നിയമനത്തിന് എംപാനൽ ചെയ്യാനായിട്ടില്ല. ഇതിനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാനം നൽകുന്നില്ല. ഇതിനെതിരേ യോഗേഷ് കേന്ദ്രഅഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
1993ബാച്ചുകാരനായ യോഗേഷിന് 2030ഏപ്രിൽ വരെ സർവീസുണ്ട്. ചാർട്ടേർഡ് അക്കൗണ്ടന്റായ യോഗേഷ് അഞ്ചുവർഷം സി.ബി.ഐയിലും ഏഴുവർഷം ഇ.ഡിയിലും പ്രവർത്തിച്ച് സുപ്രധാനമായ നിരവധി കേസുകൾ അന്വേഷിച്ചിട്ടുണ്ട്.
കേന്ദ്രഏജൻസികളിലായിരിക്കവേ, കള്ളപ്പണക്കാരുടെയും ബാങ്ക് തട്ടിപ്പുകാരുടെയും നികുതിവെട്ടിപ്പുകാരുടെയും പേടിസ്വപ്നമായിരുന്നു.
ഇ.ഡി സ്പെഷ്യൽ ഡയറക്ടറായിക്കെ, രാജ്യത്തെ പിടിച്ചുലച്ച ബംഗാളിലെ ശാരദാ, റോസ് വാലി, സീഷോർ ചിട്ടിതട്ടിപ്പുകൾ, നാരദാ കോഴടേപ്പ്, ബേസിൽ നിക്ഷേപതട്ടിപ്പ് കേസുകൾ അന്വേഷിച്ചതും ഉന്നത രാഷ്ട്രീയക്കാരെ അകത്താക്കിയതും ഗുപ്തയുടെ നേതൃത്വത്തിലാണ്.
തൃണമൂൽ നേതാക്കൾ കുടുങ്ങിയ ചിട്ടിതട്ടിപ്പുകേസുകളിൽ പതിനായിരം കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചതും ഈ അന്വേഷണമികവിനാണ്.
കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയുമായി ബന്ധമുള്ള ബിനാമികമ്പനിക്ക് 12കോടിയുടെ കരാർ നൽകിയതിൽ കേസെടുക്കാൻ നിർദ്ദേശിച്ചതാണ് യോഗേഷിനെ വിജിലൻസിൽ നിന്ന് തെറിപ്പിക്കാനിടയാക്കിയത്. മുഖ്യമന്ത്രി തലസ്ഥാനത്തില്ലാതിരിക്കെ, തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു.
അഴിമതി അന്വേഷണത്തിലെ വിദ്ഗദ്ധൻ എന്നാണ് യോഗേഷ് അറിയപ്പെടുന്നത്. ഇ.ഡിയുടെ കള്ളപ്പണക്കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ട ആദ്യ രണ്ടുകേസുകളുടെയും അന്വേഷണം ഗുപ്തയ്ക്കായിരുന്നു.
ആദ്യംശിക്ഷിക്കപ്പെട്ടത് ജാർഖണ്ഡ് മന്ത്രിയായിരുന്നു. ലഹരിമരുന്ന് ബന്ധമുള്ള കള്ളപ്പണക്കേസിൽ രാജ്യത്താദ്യമായി പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതും ഗുപ്തയായിരുന്നു.
സി.ബി.ഐയിലായിരിക്കെ, 20,000 കോടിയുടെ 50ബാങ്ക്തട്ടിപ്പുകൾ, എസ്.ബി.ഐ സ്വർണതട്ടിപ്പ്, എയർപോർട്ട് അതോറിട്ടി റിക്രൂട്ട്മെന്റ് തട്ടിപ്പ് കണ്ടെത്തി. സപ്ലൈകോയുടെ ചെയർമാൻ പദവിയേറ്റെടുത്ത് 600കോടിയുടെ നഷ്ടം നികത്തി.
കേരള ഫിനാൻഷ്യൽ കോർപറേഷനെ (കെഎഫ്സി) ലാഭത്തിലേക്ക് നയിച്ചു. ബിവറേജസ് കോർപറേഷൻ എം.ഡിയായിരിക്കെ, ആദായനികുതിവകുപ്പിൽ നിന്ന് കിട്ടാനുണ്ടായിരുന്ന 1150കോടി തിരിച്ചു പിടിച്ചു.
വിജിലൻസിൽ നാലുമാസം കൊണ്ട് 40കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയും 212മിന്നൽ റെയ്ഡുകൾ നടത്തിയും അഴിമതിവേട്ട നടത്തി.
യോഗേഷിനെ കേന്ദ്രത്തിലേക്ക് വിടാത്തതിന് പുറമെ കേസിൽ കുടുക്കാനും നീക്കമുണ്ട്. വിജിലൻസ് ഡയറക്ടറായിരുന്നപ്പോഴത്തെ നടപടികളാണ് അന്വേഷിക്കുന്നത്.
മന്ത്രി ഗണേഷിന്റെ വീട്ടിൽ ആനക്കൊമ്പുണ്ടെന്ന പരാതിയിൽ സർക്കാർ അനുമതിയില്ലാതെ അഴിമതി നിരോധന നിയമം ചുമത്തിയുള്ള അന്വേഷണം തുടങ്ങിയതിലാണ് ചീഫ്സെക്രട്ടറിയുടെ അന്വേഷണം.
7 സിവിൽ സർവീസുകാർക്കെതിരെയും അന്വേഷണം ആരംഭിച്ചിരുന്നു. ഇതൊന്നും സർക്കാരിന്റെ അനുമതിയില്ലാതെയാണെന്നാണ് അന്വേഷണത്തിന് കാരണമായത്.