/sathyam/media/media_files/2025/08/26/abin-abhijith-shafi-2025-08-26-22-37-33.jpg)
തിരുവനന്തപുരം: ലൈംഗികാരോപണങ്ങളെ തുടർന്ന് സസ്പെൻറ് ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ വിവാദം കെട്ടടങ്ങിയതോടെ പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ പുനരാംരംഭിക്കാൻ കോൺഗ്രസ് നേതൃത്വം.
ചർച്ചകൾ തുടങ്ങിയാലും അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ അവസാനിക്കാതെ തീരുമാനത്തിലേക്ക് പോകേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണ.
പുതിയ അധ്യക്ഷനെ സംബന്ധിച്ച് ഹൈക്കമാൻഡ് അഭിപ്രായം ആരായുന്നത് കെ.പി.സി.സി അധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടുമാണെങ്കിലും പ്രധാന നേതാക്കളുമായെല്ലാം ചർച്ച നടത്തി ധാരണയിലെത്താനാണ് നീക്കം.
രാഹുലിൻെറ പകരക്കാരനായി വരുന്ന പുതിയ സംസ്ഥാന അധ്യക്ഷൻ തങ്ങളുടെ ഗ്രൂപ്പിൽ നിന്ന് തന്നെയാകണമെന്ന ഉറച്ച നിലപാടിലാണ് എ.ഗ്രൂപ്പ്. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് വേണ്ടിയാണ് എ ഗ്രൂപ്പ് ചരട് വലിക്കുന്നത്.
സ്വന്തം നേതൃത്വത്തിൽ എ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ വീണതിൻെറ ക്ഷീണം മറികടക്കാനും അധ്യക്ഷ തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
യഥാർത്ഥ എ ഗ്രൂപ്പിൽ നിന്ന് മാറി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനൊപ്പം നിന്നിരുന്ന ഷാഫി വർക്കിങ്ങ് പ്രസിഡന്റായതോടെയാണ് പി.സി.വിഷ്ണുനാഥിനെയും കൂടെക്കൂട്ടി സ്വന്തം നിലയിൽ എ ഗ്രൂപ്പ് പുനരുജ്ജീവനത്തിന് ശ്രമിച്ചത്.
ഗ്രൂപ്പിന് പുറത്തുളള നേതാക്കളുമായുളള വ്യക്തിബന്ധം കൂടി ഉപയോഗപ്പെടുത്തിയുളള വളർച്ചക്കാണ് ഷാഫി ശ്രമിച്ചത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിൻെറ കേരളത്തിലെ നോമിനിയായ എ.പി.അനിൽകുമാറാണ് ഷാഫിയുടെ കെണിയിൽ വീണുകിടക്കുന്നത്.
തന്നെ സമർത്ഥം ആയി ഉപയോഗപ്പെടുത്തിക്കൊണ്ട് ഷാഫി നടത്തുന്ന നീക്കങ്ങൾ അനിൽ കുമാറിന് മനസിലാകുന്നില്ലെന്നാണ് കോൺഗ്രസിനുളളിലെ പരിഹാസം.
കെ.എം.അഭിജിത്തിനെ സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കി കൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിൻെറ വീഴ്ചമൂലം ഉണ്ടായ ക്ഷീണം മറികടക്കാനാണ് ഷാഫിയുടെ ശ്രമം.
കെ.എസ്.യു വിട്ട് ഇറങ്ങിയെങ്കിലും യൂത്ത് കോൺഗ്രസ് സംഘടനാ സംവിധാനത്തിൻെറ ഭാഗമാകാത്തതാണ് അഭിജിത്തിനുളള പ്രധാന പോരായ്മ. എങ്കിലും ശക്തമായ സമ്മർദ്ദം ചെലുത്തി അഭിജിത്തിനെ അധ്യക്ഷനാക്കുകയാണ് ലക്ഷ്യം.
എന്നാൽ ശ്രമം ഫലപ്രാപ്തിയിൽ എത്തിയില്ലെങ്കിൽ ഒ.ജെ.ജനീഷിനെ അധ്യക്ഷനായി നിർദ്ദേശിക്കാനാണ് ഷാഫി പറമ്പിൽ ലക്ഷ്യമിടുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ തന്നെ ഷാഫിയുടെ വിശ്വസ്തനാണ് ജനീഷും.
ഈഴവ വിഭാഗത്തിൽ നിന്നുളളയാൾ എന്നതാണ് ജനീഷിൻെറ അനുകൂല ഘടകം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായയുള്ള ചർച്ചകൾ പുനരാരംഭിക്കുമ്പോൾ സ്വാഭാവികനീതി പാലിക്കണമെന്ന വാദം ഉയർത്തിയാണ് രമേശ് ചെന്നിത്തല വിഭാഗം അബിൻ വർക്കിക്ക് വേണ്ടി സമ്മർദ്ദം ചെലുത്തുന്നത്.
യൂത്ത് അധ്യക്ഷ തിരഞ്ഞെടുപ്പിൽ 1.80ലക്ഷം വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തുകയും നിലവിൽ വൈസ് പ്രസിഡന്റുമായ അബിൻ വർക്കിയാണ് സ്വാഭാവികമായും അധ്യക്ഷപദത്തിൽ എത്തേണ്ടെന്നതാണ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിൻെറ വാദം.
എന്നാൽ സ്വാഭാവിക നീതി ഉയർത്തിയുളള ഐ ഗ്രൂപ്പിൻെറ വാദത്തെ സംഘടനയുടെ ബൈലാ ഉയർത്തി പ്രതിരോധിക്കാനാണ് എ വിഭാഗത്തിൻെറ നീക്കം.
തർക്കം മുറുകുന്നതിനിടെ കെ.സി വേണുഗോപാലിന് ഒപ്പം നിൽക്കുന്ന ബിനു ചുളളിയിലിനെയും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നുണ്ട്.
അടുത്തിടെ മാത്രം യൂത്ത് കോൺഗ്രസ് ദേശിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനു, താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ച് വന്ന നേതാവാണ്.
എന്നാൽ കെ.സി.വേണുഗോപാലിന് വേണ്ടി സംസ്ഥാനത്ത് കരുനീക്കം നടത്താൻ ചുമതലപ്പെട്ട എ.പി.അനിൽകുമാർ ഇത്തവണയും ഷാഫി പറമ്പിലിന് വേണ്ടി തന്ത്രപരമായി തഴയുമോ എന്നാണ് ബിനു ചുളളിയിലിനെ പിന്തുണക്കുന്നവരുടെ ആശങ്ക.
രാഹുൽ മാങ്കൂട്ടത്തിലിൻെറ കടന്നുവരവ് എളുപ്പമാക്കുന്നതിന് വേണ്ടി കഴിഞ്ഞ യൂത്ത് കോൺഗ്രസ് തിരഞ്‍ഞെടുപ്പിൽ ബിനു ചുളളിയിലിനെ മത്സരിക്കാൻ പോലും എ.പി.അനിൽ കുമാർ അനുവദിച്ചിരുന്നില്ല.
ഷാഫിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അനിൽ കുമാർ ബിനുവിനെ മത്സരിക്കുന്നതിൽ നിന്ന് തഴഞ്ഞത്.ഇത്തവണ കൂടി അനിൽകുമാർ ഷാഫി പറമ്പിലിൻെറ സമ്മർദ്ദത്തിന് വഴങ്ങിയാൽ സംസ്ഥാനത്തെ കെ.സി.ഗ്രൂപ്പിൽ പൊട്ടിത്തെറി ഉണ്ടാകാൻ സാധ്യതയുണ്ട്.
അഭിജിത്തിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കാനുളള എ ഗ്രൂപ്പ് സമ്മർദ്ദത്തിന് വഴങ്ങില്ലെന്നാണ് അബിൻ വർക്കിക്ക് വേണ്ടി വാദിക്കുന്ന രമേശ് ചെന്നിത്തല ഗ്രൂപ്പിൻെറ നിലപാട്.
സ്വാഭാവിക നീതി നിഷേധിച്ച് കൊണ്ട് മുന്നോട്ട് പോയാൽ വലിയ വില കൊടുക്കേണ്ടി വരും എന്നാണ് ചെന്നിത്തല വിഭാഗത്തിൻെറ വാദം.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്നിൽ ഏറ്റവുമധികം വോട്ട് കിട്ടിയ ആൾ എന്നതാണ് അബിൻ വർക്കിക്ക് വേണ്ടി ഉയരുന്ന സ്വാഭാവിക നീതി വാദത്തിൻ്റെ പിൻബലം.
എന്നാൽ വോട്ട് മാത്രം നോക്കിയല്ല രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത് എന്നാണ് എ ഗ്രൂപ്പിൻെറ പ്രതിരോധം.
യൂത്ത് കോൺഗ്രസിൻെറ ബൈലാ പ്രകാരം ഏറ്റവും അധികം വോട്ട് നേടുന്ന മൂന്നുപേർ ഡൽഹിയിൽ എത്തി അഭിമുഖത്തിന് ഹാജരാകണം എന്നും നിബന്ധനയുണ്ടായിരുന്നു.
അതനുസരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി,അരിതാ ബാബു എന്നിവർ അഭിമുഖത്തിൽ പങ്കെടുത്തു.സ്വാഭാവിക നീതിയാണ് അടിസ്ഥാനമാക്കുന്നതെങ്കിൽ അബിൻ വർക്കി, അരിതാ ബാബു എന്നിവർക്ക് ഒപ്പം ഒ.ജെ. ജനീഷിനെയും ഇന്റർവ്യു നടത്താൻ വിളിക്കണമെന്നാണ് എ ഗ്രൂപ്പിൻെറ ആവശ്യം.
പ്രായപരിധി കഴിഞ്ഞെന്ന വാദം ഉയർത്തി കെ.സി വേണു ഗ്രൂപ്പിൽപ്പെട്ട ബിനു ചുളളിയിലിൻെറ കടന്നുവരവിന് തടയിടാൻ എ, ഐ ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട്.
1987 മെയ് 10ന് ശേഷം ജനിച്ചവർക്ക് മാത്രമേ കമ്മറ്റിയിൽ ഉൾപ്പെടാൻ കഴിയൂ എന്നാണ് ബൈലായിൽ പറയുന്നത്. 1988ൽ ജനിച്ച ബിനു ചുളളിയിലിനെ പിന്തുണക്കുന്നവരുടെ വാദം.