നടൻ ജയസൂര്യയ്ക്ക് എതിരെ പരാതി നൽകി യുവനടി

ജയസൂര്യയില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായതായി നടി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്.

author-image
ഫിലിം ഡസ്ക്
New Update
jayasurya.

കൊച്ചി: നടന്‍ ജയസൂര്യയ്ക്ക് എതിരെ പരാതി. യുവ നടി പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ അപമര്യാദയായി പെരുമാറിയതായി പറയുന്നു. പരാതിക്കാരിയുടെ പ്രാഥമിക മൊഴി പൊലീസ് ശേഖരിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ പൂങ്കുഴലി ഐപിഎസ് പരാതിക്കാരിയുമായി സംസാരിച്ചു. ഐശ്വര്യ ഐപിഎസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രാഥമികമായ മൊഴി ശേഖരിച്ചു. വിശദമായ മൊഴി പരാതിക്കാരില്‍ നിന്ന് സ്വീകരിക്കും. ഉടന്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും. തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍വെച്ചാണ് ജയസൂര്യ അപമര്യാദയായി പെരുമാറിയതെന്നും തന്നെ കടന്നുപിടിക്കുകയായിരുന്നു എന്നായിരുന്നു നടിയുടെ ആരോപണം.

Advertisment

ജയസൂര്യയില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായതായി നടി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്. ആദ്യ ചിത്രമായ 'ദേ ഇങ്ങോട്ട് നോക്കിയെ' ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ജയസൂര്യ മോശമായി പെരുമാറിയത്. മുകേഷ് അടക്കമുള്ള കൂടുതല്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണമാണ് നടി ഉയര്‍ത്തിയത്. മുകേഷിന് പുറമെ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2013ലാണ് ദുരനുഭവം ഉണ്ടായത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നാണ് ആരോപണം.

പല സന്ദര്‍ഭങ്ങളിലായാണ് പീഡനം നേരിട്ടത്. ലൊക്കേഷനില്‍ വച്ചാണ് ദുരനുഭവങ്ങളുണ്ടായത്. മുകേഷ് സെറ്റില്‍ വച്ച് മോശമായ രീതിയില്‍ സംസാരിച്ചു. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോള്‍ അമ്മയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു. താന്‍ അറിയാതെ നുഴഞ്ഞ് അമ്മയില്‍ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താന്‍ അറിയാതെ ഒന്നും മലയാള സിനിമയില്‍ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് അമ്മയിലെ കമ്മറ്റി മെമ്പേഴ്‌സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടിയെന്നും യുവതി ആരോപിച്ചിരുന്നു.

Advertisment