/sathyam/media/media_files/2025/09/14/resmi-2025-09-14-15-44-47.jpg)
പത്തനംതിട്ട ∙ ചരൽകുന്നിൽ ക്രൂരപീഡനത്തിന് ഇരയായ യുവാക്കൾക്ക് പ്രതികളിലൊരാളായ രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പൊലീസ്. മർദനമേറ്റ യുവാക്കൾ ബന്ധുക്കളാണ്. ഇരുവരും രശ്മിയുമായി സെക്സ് ചാറ്റ് നടത്തിയിരുന്നു. ഇത് രശ്മിയുടെ ഭർത്താവ് ജയേഷ് കണ്ടെത്തിയതിനെ തുടർന്നു യുവതിയുമായി വഴക്കുണ്ടായി. പിന്നീട് രശ്മിയും ജയേഷുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാകുകയും ചെയ്തു. പക്ഷേ യുവാക്കളോടുള്ള പക സൂക്ഷിച്ച ജയേഷ് രശ്മിയുടെ സഹായത്തോടെ അവരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
സെപ്റ്റംബർ ഒന്നിന് ആലപ്പുഴ സ്വദേശിയെയും അഞ്ചിന് റാന്നി സ്വദേശിയെയും ചരൽകുന്നിലെ ജയേഷിന്റെ വീട്ടിലേക്കു വിളിച്ചുവരുത്തിയായിരുന്നു ക്രൂരമായി മർദിച്ചത്. അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു. രശ്മിയുമായുള്ള ചാറ്റുകളും ദൃശ്യങ്ങളും യുവാക്കളുടെ ഫോണിലുണ്ടെന്ന സംശയത്തിലാണ് പീഡനമെന്നു കരുതുന്നു.
രശ്മി യുവാക്കളെ മർദിക്കാൻ സ്വമനസ്സാലെ തയാറായതാണോ അതോ ജയേഷിന്റെ സമ്മർദം മൂലം കൂട്ടുനിന്നതാണോ എന്നതിൽ വ്യക്തതയില്ല. ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ മർദനത്തിന്റെ കൂടുതൽ ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ ഉണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.