ആളുമാറി യുവാവിന് ലാത്തികൊണ്ട് ക്രൂരമർദ്ദനം. കണ്ണിലും വയറ്റിലും പുറത്തും അടിച്ചു.  കാപ്പാ കേസിലടക്കം പ്രതിയായ പി.എസ്. ശരത്ത് ആണ് അടിപിടിക്കേസിൽ  പ്രതിയെന്നു തെറ്റിദ്ധരിച്ചാണു സംഭവം ഉണ്ടായതെന്ന് വിയ്യൂർ പൊലീസ്

. വിയ്യൂര്‍ പൊലീസാണ് ആളുമാറി കുറ്റൂര്‍ ചാമക്കാട് പുതുകുളങ്ങരയില്‍ പി.എസ്.ശരത്തിനെ (31) കസ്റ്റഡിയിലെടുത്തത്.

New Update
Police

തൃശൂര്‍: ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിന് സ്‌റ്റേഷന്‍ മര്‍ദനം. വിയ്യൂര്‍ പൊലീസാണ് ആളുമാറി കുറ്റൂര്‍ ചാമക്കാട് പുതുകുളങ്ങരയില്‍ പി.എസ്.ശരത്തിനെ (31) കസ്റ്റഡിയിലെടുത്തത്. യുവാവിന്റെ ശരീരം നിറയെ ലാത്തിയടികൊണ്ടുണ്ടായ പാടുകളാണ്.

Advertisment

നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ അടിപിടിയുടെ പേരില്‍ ശരത് എന്ന് പേരുള്ളയാളെ പൊലീസ് തിരയുന്നുണ്ടായിരുന്നു.

കാപ്പാ കേസിലടക്കം പ്രതിയായ പി.എസ്. ശരത്ത് ആണ് ഈ അടിപിടിക്കേസിലും പ്രതിയെന്നു തെറ്റിദ്ധരിച്ചാണു മര്‍ദനം നടന്നതെന്നു പറയുന്നു. 

ശരത്തിന്റെ സഹോദരന്‍ രാജീവിന്റെ വീട്ടിലെത്തിയാണു മര്‍ദിച്ചതെന്നുകാട്ടി ബന്ധുക്കള്‍ കമ്മീഷണര്‍ക്ക് അടക്കം പരാതി നല്‍കി.

ശരത്തിന്റെ സഹോദരന്റെ ഭാര്യ വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും എസ്എച്ച്ഒ സ്ഥലത്തില്ലെന്നു പറഞ്ഞു പരാതി സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എന്നാല്‍, വിശേഷ ദിവസങ്ങളില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കാപ്പാ കേസ് പ്രതികളെയും കേഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും കസ്റ്റഡിയിലെടുക്കാറുണ്ടെന്നും ശരത്തിന്റെ കാര്യത്തിലും ഇതാണു സംഭവിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.

ഉത്സവത്തിനിടയില്‍ അടിപിടിയുണ്ടാക്കിയവരുടെ കൂട്ടത്തില്‍ ശരത് എന്നു പേരുള്ള മറ്റൊരാള്‍ ഉണ്ടായിരുന്നു. ആ ശരത്താണെന്നു തെറ്റിദ്ധരിച്ചാണു പൊലീസ് പ്രതിയാക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.

ഉത്സവം കാണാന്‍ പോയിട്ടില്ലെന്നു ശരത് പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. ആളു മാറിയാണ് അറസ്റ്റ് ചെയ്തതെന്നു പിന്നീടു മനസ്സിലാക്കിയതോടെ രാത്രി ഒന്നരയോടെ സ്റ്റേഷനില്‍ നിന്നു മോചിപ്പിച്ചു. 

പരിക്കുകള്‍ ഉള്ളതിനാല്‍ പൊലീസ് തന്നെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. വീട്ടിലെത്തിയ ശേഷം രാവിലെ അസ്വസ്ഥത തോന്നിയതിനാല്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. 

കണ്ണിന്റെ ഭാഗത്തു ലാത്തി കൊണ്ടുള്ള അടിയേറ്റിട്ടുണ്ടെന്നും കാഴ്ചയ്ക്കു മങ്ങലുണ്ടായെന്നും ശരത് പറയുന്നു.

Advertisment