/sathyam/media/media_files/2025/03/03/o2zAgscLhbBJLLx4LsXn.jpg)
ആലപ്പുഴ: മത-സാമുദായിക സംഘടനകളോടുളള കോൺഗ്രസിൻെറ സമീപനത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്.
ആലപ്പുഴയിൽ സമാപിച്ച യൂത്ത് കോൺഗ്രസ് പഠന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് കോൺഗ്രസിൻെറ മത സംഘടനകളോടും സാമുദായി സംഘടനകളോടുമുളള സമീപനത്തെ വിമർശിക്കുന്നത്.
കോൺഗ്രസിന് മത-സാമൂദായിക സംഘടനകളോട് വിധേയത്വമെന്നാണ് രാഷ്ട്രീയ പ്രമേയത്തിലെ വിമർശനം.
ജവഹർലാൽ നെഹ്റുവിന്റെ ആശയങ്ങളിൽ നേതാക്കൾ വെള്ളം ചേർക്കുന്നത് അപകടകരമമെന്നും സംസ്ഥന പഠനക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി.
കേരളത്തിൽ കമ്യൂണൽ ആക്ടിവിസം വളരുന്നത് ആശങ്കാജനകമാണെന്നും യൂത്ത് കോൺഗ്രസ് പഠന ക്യാമ്പ് അഭിപ്രായപ്പെട്ടു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ച സംഭവങ്ങൾക്കുളള പരോക്ഷ വിമർശനമാണ് യൂത്ത് കോൺഗ്രസ് പഠന ക്യാമ്പിലെ രാഷ്ട്രീയ പ്രമേയമെന്നാണ് സൂചന.
മത-സമുദായിക സംഘടനകളോട് ബഹുമാനത്തിനപ്പുറം വിധേയത്വം ആവശ്യമില്ലെന്നാണ് രാഷ്ട്രീയപ്രമേയം മുന്നോട്ടുവെക്കുന്ന ഉറച്ചനിലപാട്. മറിച്ചുള്ള സമീപനം അപകടകരമാണെന്നും പ്രമേയം ഓർമ്മപ്പെടുത്തുന്നു.
കേരളത്തിൽ കമ്യൂണൽ രാഷ്ട്രീയം വളരുന്നതിന്റെ ആശങ്കയും യൂത്ത് കോൺഗ്രസ് പ്രമേയം പങ്കുവച്ചു. രാഷ്ട്രീയം സമുദായവത്കരിക്കുന്നത് കേരളം പോലുളള മതേതര സമൂഹത്തിന് ഭൂഷണമല്ല.
വർഗീയതയെ ചെറുക്കേണ്ടത് വർഗീയത കൊണ്ടല്ല,മറിച്ച് ഉറച്ച മതേതരത്വ ബോധത്തോടെയാണെന്നും രാഷ്ട്രീയ പ്രമേയം മുന്നറിയിപ്പ് നൽകി.
മതേതരത്വത്തിൽ ഊന്നിയുളള ദേശിയ വീക്ഷണം പ്രകടിപ്പിച്ച പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ആശയങ്ങളിൽ നേതാക്കൾ വെള്ളം ചേർക്കുകയാണെന്നും രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി.
നിലമ്പൂർ വിജയത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ ഉണ്ടായ ക്രെഡിറ്റ് തർക്കത്തിലും യൂത്ത് കോൺഗ്രസ് പഠന ക്യാമ്പിൽ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയങ്ങൾ വ്യക്ത്യാധിഷ്ടതമല്ലെന്നും കൂട്ടായ്മയുടേതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
കോൺഗ്രസിലെ ക്യാപ്റ്റൻ, മേജർ വിളികളിലും യൂത്ത് കോൺഗ്രസ് ക്യാമ്പിൽ എതിർപ്പുയർന്നു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി നേതാക്കൾ സ്വയം അപഹാസ്യരാകരുതെന്ന് സംസ്ഥാന പഠന ക്യാമ്പിൽ പ്രമേയത്തിന്മേൽ നടന്ന ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്യാപ്റ്റനെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മേജറെന്നും വിശഷിപ്പിച്ച് കൊണ്ടുളള ചർച്ചകൾ കോൺഗ്രസിനുളളിൽ വിവാദമായിരുന്നു. ഇതിലുളള യൂത്ത് കോൺഗ്രസിന്റെ കടുത്ത എതിർപ്പാണ് സംസ്ഥാന പഠന ക്യാമ്പിൽ ഉയർന്നത്.
ഇത്തരം വിശേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കൾ സ്വയം അപഹാസ്യരാകുകയാണ് ചെയ്യുന്നതെന്നും സംഘടനാ പ്രമേയ ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
യുവതലമുറയെ സംഘടനയിലേക്ക് അടുപ്പിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്നും പ്രതിനിധികൾ ആരോപിച്ചു. സമൂഹത്തിൽ വളർന്നുവരുന്ന അരാഷ്ട്രീയത ചെറുക്കാൻ യൂത്ത് കോൺഗ്രസിന് ഒന്നും ചെയ്യാനാവുന്നില്ല.
പാട്ടിലൂടെ പോലും തൻെറ രാഷ്ട്രീയം മികച്ച രീതിയിൽ പറയുന്ന റാപ് ഗായകൻ വേടനെ മാതൃകയാക്കണമെന്ന് സംഘടന പ്രമേയം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനരീതിയിൽ അടിമുടി മാറ്റം കൊണ്ടുവരണമെന്നും പുതുമയുളളതും ആകർഷകവുമായ സമരമാർഗങ്ങൾ ആവിഷ്കരിക്കണമെന്നും സംഘടനാ പ്രമേയം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35വയസിൽ നിന്ന് 40 വയസാക്കണമെന്ന് ആക്കണമെന്ന ആവശ്യമുയർന്നെങ്കിലും എതിർപ്പിനെ തുടർന്ന് അംഗീകരിക്കപ്പെട്ടില്ല.
പ്രായപരിധി കൂട്ടണമെന്ന ആവശ്യത്തെ 13 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും ശക്തമായി എതിർത്തു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി യൂത്ത് കോൺഗ്രസ് നേതൃത്വത്തെ സജീവമാക്കുകയായിരുന്ന സംസ്ഥാന പഠന ക്യാമ്പിലൂടെ ലക്ഷ്യമിട്ടത്.
വിവിധ ജില്ലകളിൽ നിന്നായി 650ഓളം പ്രതിനിധികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. മുൻപെങ്ങുമില്ലാത്ത വിധം യൂത്ത് കോൺഗ്രസിൽ വലിയ ഊർജവും ആവശേവും പ്രകടമാകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.