/sathyam/media/media_files/2025/09/03/youth-congress-2025-09-03-17-49-18.png)
കൊച്ചി: യൂത്ത് കോൺഗ്രസ് ചൊവന്നൂർ മണ്ഡലം പ്രസിഡൻ്റ് സുജിത്തിന് നേരിട്ടേണ്ടി വന്ന ക്രൂര മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കാര്യമായ പ്രതിഷേധം നടക്കാത്തതിൽ യൂത്ത് കോൺഗ്രസ്, പാർട്ടി അണികൾക്കിടയിൽ പ്രതിഷേധം. പല പ്രതിഷേധങ്ങളും സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളായി മാത്രം ഒതുങ്ങിയെന്നാണ് ആക്ഷേപം.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നത് കൊണ്ട് സംസ്ഥാന തലത്തിൽ സംഘടനയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് പ്രവർത്തകർ പറയുന്നത്. രാഹുൽ മാങ്കൂട്ടം രാജി വച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിപക്ഷത്തെ പ്രധാന യുവജന സംഘടനയ്ക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല.
ഇതോടെ സംസ്ഥാന - ജില്ലാ തലങ്ങളിൽ സംഘടന പ്രവർത്തനം ഏതാണ്ട് നിർജ്ജീവമാണ്. അതിനിടെയാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിന് പോലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്തു വരുന്നത്.
കുന്നംകുളം പോലീസ് സ്റ്റേഷനിൽ 2023 ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നാണ് പുറത്തു വന്നത്. വിവരാവകാശം വഴിയാണ് ദൃശ്യം പുറത്തുവന്നത്.
ഇത്രയധികം പ്രതിഷേധാർഹമായ സംഭവം നടന്നിട്ടും യൂത്ത് കോൺഗ്രസിന്റെ ഭാഗത്തു നിന്നും കാര്യമായ പ്രതിഷേധം ഉണ്ടായിട്ടില്ല. നിലവിലുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് പേരിന് ഒന്ന് പ്രതികരിച്ചത് വൈകിട്ട് മാത്രമാണ്.
പല നേതാക്കളും അധ്യക്ഷ സ്ഥാനം പിടിക്കാൻ ഗ്രൂപ്പ് കളി സജീവമാക്കിയിരിക്കുകയാണ്. ഇതാണ് പ്രതിഷേധങ്ങൾ നടക്കാത്തതിന് പിന്നിലെന്നാണ് ആക്ഷേപം.
ഇത് നേരിട്ടത് ഡിവൈഎഫ്ഐ നേതാവിനോ, യുവമോർച്ച നേതാവിനോ ആയിരുന്നെങ്കിൽ ഇന്ന് എന്ത് നടക്കുമായിരുന്നുവെന്നത് ചിന്തിക്കാൻ പോലും കഴിയില്ല. നേതാക്കൾക്കും പ്രസ്ഥാനത്തിനും വേണ്ടി ഇനിയെന്തിന് തല്ലുകൊള്ളുന്നു എന്ന് പോലും പ്രവർത്തകർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.