/sathyam/media/media_files/2025/08/22/abhijith-abin-aritha-2025-08-22-19-05-00.jpg)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിലിൻെറ പകരക്കാരനാണെന്നതിൽ രണ്ട് ദിവസത്തിനുളളിൽ തീരുമാനം ഉണ്ടാകും.
സ്ത്രീകൾക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹൂൽ മാങ്കൂട്ടത്തിൽ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പുതിയ അധ്യക്ഷനെ സംബന്ധിച്ച ചർച്ച ആരംഭിച്ചിരുന്നു.
ഇന്ന് നേതാക്കളെല്ലാം യു.ഡി.എഫിൻെറ ഹെൽത്ത് കോൺക്ളേവിൻെറ തിരക്കിലായിരുന്നെങ്കിലും വൈകുന്നേരത്തോടെ ചർച്ച പുനരാരംഭിക്കും.
നിർണായകമായ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സമയത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി അധികനാൾ ഒഴിച്ചിടാൻ പാടില്ലെന്നാണ് നേതൃതലത്തിലെ ധാരണ.
സർക്കാരിനെതിരായ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും മുന്നിൽ നിൽക്കേണ്ട സംഘടനയുടെ സംസ്ഥാന പുതിയ അധ്യക്ഷനെ എത്രയും വേഗം നിശ്ചയിക്കാനാണ് ധാരണ. രണ്ട് ദിവസത്തിനുളളിൽ തീരുമാനം വരുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് വർഷമായത് കൊണ്ടുതന്നെ സാമുദായിക സംതുലനം നോക്കിയാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുക. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിലെ ചർച്ചയിൽ ഉരുത്തിരിയുന്ന നിർദ്ദേശം ഹൈക്കമാൻഡിനെ അറിയിക്കും.
ഹൈക്കമാൻഡിൽ നിന്നാകും അന്തിമ തീരുമാനം.കേരളത്തിൽ നിന്ന് എന്ത് നിർദ്ദേശം പോയാലും ഹൈക്കമാൻഡ് ഇടപെടലാകും യൂത്ത് കോൺഗ്രസിൻെറ പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതിൽ നിർണായകമാകുക.
പുതിയ അധ്യക്ഷനെ നിയമിക്കുന്നതിൽ ഹൈക്കമാൻഡ് എന്ത് മാനദണ്ഡമായിരിക്കും സ്വീകരിക്കുക എന്നതാണ് ഏല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മിറ്റിയാണ് ഇപ്പോഴത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം.
അധ്യക്ഷനെ കണ്ടെത്താൻ വേണ്ടി നടന്ന വോട്ടെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി വൈസ് പ്രസിഡൻറ് ആയവരിൽ നിന്ന് വേണോ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത് എന്നതിൽ ഹൈക്കമാൻഡാണ് നിലപാടിൽ എത്തേണ്ടത്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായവരെ മാത്രം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാൽ മതിയോ അല്ലാതെ പുറത്ത് നിന്ന് ഏതെങ്കിലും നേതാവിനെ അധ്യക്ഷനായി നിയോഗിക്കണോ എന്നതിൽ ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ യൂത്ത് കോൺഗ്രസിൻെറ പുതിയ അധ്യക്ഷന് വേണ്ടി നേതാക്കളുടെ പിടിവലി ശക്തമാണ്.
കെ.സി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും അവരവർക്ക് താൽപര്യമുളളവരുടെ പേരുകൾ നിർദ്ദേശിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് ദേശിയെ സെക്രട്ടറി ബിനു ചുളളിയിലിൻെറ പേരാണ് കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്നവർ മുന്നോട്ട വെക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മത്സരിക്കാൻ പോലും അവസരം നിഷേധിച്ച ബിനു ചുളളിയിൽ താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന നേതാവാണ്.
പലപ്പോഴും അർഹതപ്പെട്ട പദവികൾ നിഷേധിക്കപ്പെട്ട ബിനു ചുളളിയിലിന് പിന്തുണയുമായി 6 ജില്ലാ കമ്മിറ്റികൾ ശക്തമായി രംഗത്തുണ്ട്.
അടുത്തിടെ മാത്രം യുത്ത് കോൺഗ്രസ് ദേശിയ സെക്രട്ടറിയായി നിയമിതനായ ബിനുവിന് വീണ്ടും പുതിയ പദവി നൽകരുതെന്നാണ് എതിർപക്ഷക്കാരുടെ വാദം.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലിനോട് മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയ അബിൻ വർക്കിക്ക് വേണ്ടിയാണ് രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം.
വോട്ടെടുപ്പിൽ രണ്ടാമതെത്തിയ അബിൻ വർക്കിയെ അധ്യക്ഷനാക്കിയില്ലെങ്കിൽ അത് സ്വാഭാവിക നീതിയുടെ ലംഘനമാകുമെന്നാണ് ചെന്നിത്തലയുടെ വാദം.എന്നാൽ കോൺഗ്രസ് നേതൃത്വത്തിലെ സാമുദായിക സംതുലനം നോക്കുമ്പോൾ അബിൻ വർക്കിയുടെ സാധ്യതകൾ അടയുകയാണ്.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസും ക്രൈസ്തവ വിഭാഗത്തിൽ നിന്നുളളവരാണ്.
അതിന് പുറമേ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കൂടി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുളള നേതാവിനെ പരിഗണിച്ചാൽ സാമുദായിക സംതുലനത്തെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
കെ.എസ്.യുവിൻെറ മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്താണ് കോഴിക്കോട് എം.പി എം.കെ.രാഘവൻെറ നോമിനി.അഭിജിത്തിന് എ ഗ്രൂപ്പിൻെറ പിന്തുണയും ലഭിക്കും. എന്നാൽ അഭിജിത്ത് യൂത്ത് കോൺഗ്രസിൻെറ സംഘടനാ സംവിധാനത്തിൻെറ ഭാഗമല്ല എന്നതാണ് പ്രശ്നം.
കെ.എസ്.യു നേതൃപദവി ഒഴിഞ്ഞെങ്കിലും അഭിജിത്ത് യൂത്ത് കോൺഗ്രസിൻെറ ഭാഗമായിട്ടില്ല. യൂത്ത് കോൺഗ്രസ്സ് അധ്യക്ഷസ്ഥാനത്തേക്ക് വനിതാ നേതാക്കളെയും പരിഗണിക്കണമെന്ന് ആവശ്യമുണ്ട്.
വൈസ് പ്രസിഡൻറ് അരിത ബാബുവിന്റെയും ഡോ. സോയ ജോസഫിന്റെയും പേരുകളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുളളത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും എന്ന് വ്യക്തമായതോടെ സംഘടനാ തലപ്പത്ത് തമ്മിലടി രൂക്ഷമായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് വാദ പ്രതിവാദങ്ങളുമായി നേതാക്കൾ ഏറ്റുമുട്ടുന്നത്.
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന അബിൻ വർക്കിക്ക് എതിരെ എ ഗ്രൂപ്പ് കടുത്ത വിമർശനവുമായി രംഗത്ത് വന്നതാണ് തമ്മിലടി മൂർച്ഛിക്കാൻ കാരണം.
രാഹുൽ മാങ്കൂട്ടത്തിലിനെ വീഴ്ത്തുക ലക്ഷ്യമിട്ട് പരാതികൾ ഉയർത്തി കൊണ്ടുവന്നത് അബിൻ വർക്കിയാണെന്ന സംശയത്തിലാണ് നീക്കം.
ബാഹുബലിയെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തുന്ന കട്ടപ്പയുടെ ചിത്രത്തിന് ഒപ്പം അബിൻ വർക്കിയുടെയും ചിത്രം വെച്ചുളള കുറിപ്പ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻറ് വിജിൽ മോഹനനാണ് വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
തോളിൽ കൈയ്യിട്ട് നടന്നവൻെറ കുത്തിന് ആഴമേറും എന്നാണ് ചിത്രത്തിലെ വാചകത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ഷാഫി പറമ്പിലിൻെറയും രാഹുൽ മാങ്കൂട്ടത്തിലിൻെറയും വിശ്വസ്തനാണ് അബിനെ സംശയത്തിൽ നിർത്തുന്ന പോസ്റ്റിട്ട വിജിൽ.
തുടർന്ന് അബിൻ വർക്കിക്ക് എതിരെ രൂക്ഷ വിമർശനമാണ് ഗ്രൂപ്പിൽ നടന്നത്.പിന്നിൽ നിന്ന് കുത്തി ഒരുത്തനെ നശിപ്പിച്ചിട്ട് ഒരു ഒറ്റുകാരനും വരേണ്ട, ഇന്നലെ ചാരിത്ര്യ പ്രസംഗം നടത്തിയവർ കണ്ണാടിയിൽ നോക്കണം,
രാഹുലിനെ അല്ല തിരഞ്ഞെടുപ്പിനെ നേരിടുന്ന പാർട്ടിയെയാണ് ഒറ്റിയത് എന്നിങ്ങനെ രൂക്ഷമായ കമൻറുകളും ഗ്രൂപ്പിൽവന്നു.തമ്മിലടി രൂക്ഷമായതോടെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന് മാത്രം പോസ്റ്റിടാവുന്ന തരത്തിലാക്കി മാറ്റിയിരിക്കുകയാണ്.