തിരുവനന്തപുരം: തബല ഇതിഹാസം ഉസ്താദ് സാക്കിര്‍ ഹുസൈന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെ ജര്‍മ്മന്‍ സാംസകാരിക കേന്ദ്രമായ ഗഥെ-സെന്‍ട്രം ജുഗല്‍ബന്ദി സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്തെ ഗഥെ ആംഫി തിയേറ്ററില്‍ ഫെബ്രുവരി ആറിന് വൈകീട്ട് ആറരയ്ക്കാണ് പരിപാടി.
വിഖ്യാത ജര്‍മ്മന്‍ തബലിസ്റ്റായ ഫ്ളോറിയന്‍ ഷീര്‍ട്സും ഇന്ത്യന്‍ തബലിസ്റ്റാ പ്രഫുല്ല അഥാലയെയും സാംരഗി വിദഗ്ധനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ദില്‍ഷാദ് ഖാനുമാണ് പരിപാടിയില്‍ അണിനിരക്കുന്നത്.
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യ പാസ് വഴി നിയന്ത്രിതമാണ്. ഫെബ്രുവരി ഒന്നു മുതല്‍ ജവഹര്‍ നഗറിലുള്ള ഗഥെ-സെന്‍ട്രം ഓഫീസ് വഴി നേരിട്ടോ, https://trivandrum.german.in/ എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തോ പാസുകള്‍ നേടാവുന്നതാണ്.
സംഗീതലോകത്ത് ആസ്വാദകര്‍ക്കും കലാകാരന്മാര്‍ക്കുമിടയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയില്‍ വച്ചാണ് അന്തരിച്ചത്.
സംഗീത ഇതിഹാസങ്ങളായ പണ്ഡിറ്റ് രവിശങ്കര്‍, ഉദയ് മജൂംദാര്‍, പണ്ഡിറ്റ് അശുതോഷ് ഭട്ടാചാര്യ എന്നിവരുടെ ശിഷ്യനാണ് ഫ്ളോറിയന്‍ ഷീര്‍ട്സ്. വിഖ്യാത സംഗീതജ്ഞരായ പണ്ഡിറ്റ് ബുദ്ധാദിത്യ മുഖര്‍ജി, രാകേഷ് ചൗരസ്യ എന്നിവരുടെ കച്ചേരികളില്‍ ഷീര്‍ട്സ് പങ്കെടുത്തിട്ടുണ്ട്. പണ്ഡിറ്റ് കുശാല്‍ ദാസിനൊപ്പം യൂറോപ്പിലും ഇന്ത്യയിലുമായി അറുപതിലധികം കച്ചേരികളും നടത്തി.
തുകല്‍വാദ്യത്തില്‍ വോള്‍ഫ്രാം വിന്‍കെലിനൊപ്പമാണ് ഷീര്‍ട്സ് തബലവാദനം വികസിപ്പിച്ചെടുത്തത്. അവര്‍ ഒന്നിച്ച് ഒരുക്കിയ സംഗീത പരിപാടി ജര്‍മ്മനിയിലെ ബിആര്‍ ക്ലാസിക് സംപ്രേഷണം ചെയ്തു. സംഗീത സംസ്കാരങ്ങളുടെ ഊര്‍ജ്ജങ്ങള്‍ തമ്മിലുള്ള പോരാട്ടമെന്നാണ് ഇതിനെ അവര്‍ വിശേഷിപ്പിച്ചത്. നിലവില്‍ ജര്‍മ്മനിയിലെ ജോണ്‍സ്റ്റാന്‍സില്‍ ജാസ് ആന്‍ഡ് റോക്ക് സ്കൂളിലെ അധ്യാപകനാണ് ഷീര്‍ട്സ്.
സാരംഗി പരമ്പരയിലെ പത്താമത്തെ തലമുറയാണ് ജോധ്പൂര്‍ സ്വദേശിയായ ദില്‍ഷാദ് ഖാന്‍റേത്. അമ്മാവനായ ഉസ്താദ് സുല്‍ത്താന്‍ ഖാന്‍ സാഹിബിന്‍റെ കീഴില്‍ സാരംഗ് പഠനം ആരംഭിച്ചു. കാഠിന്യമേറിയ സാരംഗ് ഉപകരണത്തിലെ സങ്കീര്‍ണതകള്‍ സ്വായത്തമാക്കിയത് അമ്മാവന്‍റെ ശിക്ഷണത്തിലാണ്.
ഉസ്താദ് സാക്കിര്‍ ഹുസൈന് 2009 ല്‍ ഗ്രാമി പുരസ്ക്കാരം നേടിക്കൊടുത്ത ഗ്ലോബല്‍ ഡ്രം പ്രൊജക്ടില്‍ സാരംഗ് വായിച്ചത് ദില്‍ഷാദ് ഖാനായിരുന്നു. 500 ല്‍പരം ഹിന്ദി സിനിമകള്‍ക്കായി സാരംഗ് വായിച്ചതും ദില്‍ഷാദാണ്.
തബല ഇതിഹാസമായിരുന്ന അള്ളാരഖാ ഖാന്‍റെ മുതിര്‍ന്ന ശിഷ്യന്മാരിലൊരാളാണ് പ്രഫുല്ല അഥാലയെ. ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയായ അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ തബലയുടെ അംബാസിഡറായാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ ഫീനിക്സില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സംഗീത മ്യൂസിയമായ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്‍റ് മ്യൂസിയത്തിലടക്കം അദ്ദേഹത്തിന്‍റെ വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഉസ്താദ് അള്ളാരഖാ, ഉസ്താദ് സാക്കിര്‍ ഹുസൈന്‍, സരോജ് ഇതിഹാസം അംജദ് അലി ഖാന്‍, പണ്ഡിറ്റ് ജസ് രാജ്, കഥക് ഗുരു പണ്ഡിറ്റ് ബ്രിജു മഹാരാജ്, ഡോ. എന്‍ രാജം(വയലിന്‍), ഉസ്താദ് ഷാഹിദ് പര്‍വേസ്(സിത്താര്‍) തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജര്‍മ്മന്‍ ഭാഷയും സംസ്ക്കാരവും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും സാംസ്ക്കാരിക കൈമാറ്റവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വേദിയാണ് ഗഥെ ഇന്‍സ്റ്റിറ്റ്യൂട്ട്.
രജിസ്ട്രേഷനുളള ക്യുആര്‍ കോഡ്:/https://zmdownload-accl.zoho.com/zm/ImageDisplay?na=5342798000000008001&nmsgId=1738135932675018900&f=1.jpg&mode=inline&cid=ii_m6hkrlcd5&)
/sathyam/media/media_files/2025/01/29/yx5BzGgg34M28JNPh3QT.jpg)