സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് പാലായില്‍ തുടക്ക; ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്തു മാര്‍ റാഫേല്‍ തട്ടില്‍, അസംബ്ലിയില്‍ പങ്കെടുക്കുന്നത് 348 അംഗങ്ങള്‍

New Update
H

പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്തു മാര്‍ റാഫേല്‍ തട്ടില്‍. പാലായില്‍ ഇന്നലെ ആരംഭിച്ച സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മേജര്‍ ആര്‍ച്ചു ബിഷപ്പ്.

Advertisment

കൂട്ടായ്മയുടെ സ്വഭാവം മുറുകെപ്പിടിച്ച് സ്വത്വബോധത്തോടെ സഭാമാതാവിനോടുള്ള പ്രതിബദ്ധതയില്‍ മുന്നേറാന്‍ ഈ സഭായോഗം സഹായിക്കട്ടെയെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കാലഘട്ടത്തിന്റെ പ്രതിസന്ധികള്‍ക്കിടയിലും പ്രത്യാശയോടെ നമുക്ക് മുന്നേറാമെന്നും ബിഷപ് പറഞ്ഞു.

പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ ആരംഭിച്ച സഭാ അസംബ്ലിയില്‍ 348 അംഗങ്ങളാണ് പങ്കെടുക്കുന്നത്. പ്രതിനിധികളായി എത്തിച്ചേര്‍ന്നവരുടെ റജിസ്‌ട്രേഷന് ശേഷം സായാഹ്‌ന പ്രാര്‍ഥനയും ജപമാലയും നടന്നു.

അസംബ്ലി ആന്തം ആലപിച്ചശേഷം യോഗക്രമങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അസംബ്ലി കമ്മിറ്റി സെക്രട്ടറി ഫാ. ജോജി കല്ലിങ്ങല്‍ നല്‍കി. മുന്‍ അസംബ്ലിയുടെ റിപ്പോര്‍ട്ട് സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവതരിപ്പിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അസംബ്ലിയംഗങ്ങള്‍ക്കുള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുകയും അംഗങ്ങള്‍ എല്ലാവരും ദൈവനാമത്തില്‍ പ്രതിജ്ഞാവാചകം ഏറ്റുചൊല്ലുകയും ചെയ്തു.

അത്താഴത്തിനും നിശാപ്രാര്‍ഥനകള്‍ക്കും ശേഷം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ പരസ്പരം പരിചയപ്പെട്ടു. രാത്രി പത്തോടെ ആദ്യദിവസത്തെ പരിപാടികള്‍ അവസാനിച്ചു.

പ്രാതിധ്യസ്വഭാവത്തോടെ അല്മായരും സമര്‍പ്പിതരും വൈദികരും പങ്കെടുക്കുന്ന സഭായോഗത്തിലേക്ക് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡിനിടയിലാണു ബിഷപ്പുമാര്‍ എത്തിച്ചേരുന്നത്. സീറോമലബാര്‍സഭയുടെ അടുത്ത അഞ്ചുവര്‍ഷങ്ങളിലേക്കുള്ള കര്‍മ്മപദ്ധതി തയ്യാറാക്കാനുള്ള പഠനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നാല് ദിനരാത്രങ്ങളാണിവ.

നാളെ പ്രഭാത പ്രാര്‍ത്ഥനയ്ക്കും വി. കുര്‍ബാനയ്ക്കും മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റഫേല്‍ തട്ടില്‍ കാര്‍മ്മികത്വം വഹിക്കും. ഒന്‍പതിന് അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനസമ്മേളനം നടക്കും. മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ഇന്ത്യയുടെ അപ്പസ്‌തോലിക്ക് നുണ്‍സിയോ ആര്‍ച്ചുബിഷപ്പ് ലിയോപോള്‍ദോ ജിറേലി ഉദ്ഘാടനം നിര്‍വ്വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ മലങ്കര മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് മാര്‍ ഗ്രീഗോറിയോസ് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്  മുഖ്യ വികാരി ജനറല്‍ ഫാ.ഡോ. ജോസഫ് തടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. 

ഉച്ചകഴിഞ്ഞു മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ തൃദീയന്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യും. മേജര്‍ ആര്‍ച്ചുബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് അസംബ്ലിയുടെ ആദരവ് സമര്‍പ്പിക്കും. കലാപരിപാടികളോടെയാണു സമ്മേളനം അവസാനിക്കുക. 

Advertisment