തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഞായറാഴ്ച ചത്ത മ്ലാവ് വര്‍ഗത്തില്‍ പെടുന്ന മാനിന് (സാമ്പാര്‍ ഡിയര്‍) പേവിഷബാധ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച മൃഗശാലയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കു ശേഷം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ്, പാലോട് നടത്തിയ വിശദ പരിശോധനയില്‍ ആണ് പേവിഷബാധ സ്ഥിരീകരിച്ചത്.
തുടര്‍ന്ന് മൃഗശാല ഡയറക്ടര്‍ പി എസ് മഞ്ജുളാദേവി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തില്‍, മ്ലാവുമായി അടുത്ത് ഇടപഴകിയ മുഴുവന്‍ ജീവനക്കാര്‍ക്കും പോസ്റ്റ് എക്‌സ്‌പോഷര്‍ ആന്റി റാബീസ് വാക്‌സിന്‍ എടുക്കുന്നതിനും മറ്റ് ജീവനക്കാര്‍ക്ക് പ്രൊഫൈലാക്ടിക് വാക്‌സിന്‍ എടുക്കുന്നതിനും തീരുമാനിച്ചു.
മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവന്‍ മൃഗങ്ങള്‍ക്കും അടിയന്തരമായി ആന്റി റാബീസ് വാക്‌സിന്‍ നല്‍കുന്നതിന് മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തില്‍ ടീം രൂപീകരിച്ചു. മൃഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.