/sathyam/media/media_files/xHNIa2Hd2KZQP5vr7RTy.jpg)
പാലക്കാട്: പാര്‍ട്ടിയുടെ 'എ' ക്ലാസ് മണ്ഡലമായ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിനായി കരുക്കള്‍ നീക്കി ബിജെപി.
സമീപകാലത്തെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി രണ്ടാം സ്ഥാനത്തെത്തുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങളൊരുക്കിയാണ് ബിജെപിയുടെ മുന്നേറ്റം. സ്ഥാനാര്‍ഥി എത്തും മുമ്പേ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി ഇവിടെ ആരംഭിച്ചു കഴിഞ്ഞു.
2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംങ്ങ് എംഎല്‍എ കൂടിയായിരുന്ന കോണ്‍ഗ്രസിന്‍റെ തീപ്പൊരി നേതാവ് ഷാഫി പറമ്പില്‍ പോലും കഷ്ടിച്ച് 3859 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്.
അപ്പോഴും ബിജെപിയും സിപിഎം സ്ഥാനാര്‍ഥിയും തമ്മിലുള്ള അന്തരം 13787 വോട്ടുകളായിരുന്നു. ബിജെപി സ്ഥാനാര്‍ഥി 50220 വോട്ടുകള്‍ നേടിയിടത്ത് സിപിഎം സ്ഥാനാര്‍ഥി സിപി പ്രമോദിന് 36433 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
വിജയത്തിനരികെ
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാവ് വി.കെ ശ്രീകണ്ഠനും ബിജെപിയുടെ സി കൃഷ്ണകുമാറും തമ്മിലുണ്ടായിരുന്ന വോട്ട് അന്തരം എണ്ണായിരത്തി അഞ്ഞൂറോളം മാത്രമായിരുന്നു. അപ്പോഴും പാലക്കാട് ശ്രീകണ്ഠനും സിപിഎമ്മിന്‍റെ പിബി അംഗം എ വിജയരാഘവനും തമ്മിലുണ്ടായിരുന്ന അന്തരം പതിനെണ്ണായിരത്തിലധികവും.
അതിനാല്‍ തന്നെ പാലക്കാട് മൂന്നാം സ്ഥാനത്തെ വിദൂര സാധ്യതകളില്‍ മാത്രം നില്‍ക്കുന്ന സിപിഎമ്മിന് ഇവിടെ കാര്യമായി റോള്‍ ഒന്നുമില്ല. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസും ബിജെപിയും തമ്മിലള്ള അന്തരം നാമമാത്രവും.
ജനപ്രിയത വോട്ട് ചോര്‍ത്തി
കോണ്‍ഗ്രസിന്‍റെ നിയമസഭാ, ലോക്സഭാ സ്ഥാനാര്‍ഥികളായിരുന്ന ഷാഫി പറമ്പിലും വി.കെ ശ്രീകണ്ഠനും വ്യക്തിപരമായി സമാഹരിച്ച വോട്ടുകള്‍കൂടി ചേര്‍ത്തുവയ്ക്കുമ്പോഴായിരുന്നു പാലക്കാട് മണ്ഡലത്തിലെ അവരുടെ മുന്നേറ്റങ്ങള്‍ എന്ന് വ്യക്തം.
അവിടെയാണ് ബിജെപിയുടെ ഇത്തവണത്തെ സാധ്യത. ഇത്തവണ ഷാഫി പറമ്പിലോ വി.കെ ശ്രീകണ്ഠനോ പോലെ കോണ്‍ഗ്രസിന്‍റെ ജനപ്രിയ താരങ്ങളായിരിക്കില്ല മത്സര രംഗത്തുള്ളത്. പകരം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടമാകും യുഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് വിലയിരുത്തല്‍.
അങ്ങനെ വന്നാല്‍ നാട്ടുകാരനായ സി കൃഷ്ണകുമാറിനേപ്പോലുള്ള സ്ഥാനാര്‍ഥികളെ ബിജെപി രംഗത്തിറക്കിയാല്‍ യുഡിഎഫ് വിയര്‍ക്കും. പത്തനംതിട്ട ജില്ലക്കാരനാണ് രാഹുല്‍. പത്തനംതിട്ടക്കാരന്‍റെ സംസാരഭാഷയും ശരീരഭാഷയും പാലക്കാടിന് വഴങ്ങില്ലെന്ന് കരുതിയാല്‍ നാട്ടുകാരനായ സ്ഥാനാര്‍ഥി എത്തിയാല്‍ ബിജെപി ശക്തമായ പോരാട്ടം നടത്തും.
കൃഷ്ണകുമാര്‍ സ്വന്തം ആള്‍
പാലക്കാട് ലോക്സഭയിലും നിയമസഭയിലും നഗരസഭയിലും നിരന്തര പോരാട്ടത്തിനിറങ്ങുന്ന കൃഷ്ണകുമാറിന് 'സ്വന്തം ആള്‍' എന്ന പരിവേഷവുമുണ്ട്.
അതേസമയം മത്സരത്തിന് കുറച്ചുകൂടി വീര്യം പകര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ രംഗത്തിറക്കണമെന്ന ആവശ്യവും ശക്തമാണ്.
സുരേന്ദ്രന്‍ വന്നാല്‍ മത്സരം കടുക്കും. സംസ്ഥാന നേതാവ് മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ടാകും. ശോഭാ സുരേന്ദ്രന്‍റെ പേരും പരിഗണനയിലുണ്ടെങ്കിലും വിജയസാധ്യത സൃഷ്ടിക്കാന്‍ ശോഭയ്ക്കാകുമോ എന്നതില്‍ ആശങ്കയുണ്ട്.
പാലക്കാടിനെ സംബന്ധിച്ച് ബിജെപിയ്ക്ക് നിര്‍ണായകമാകുക ഉപതെരഞ്ഞെടുപ്പിന്‍റെയും മത്സരത്തിന്‍റെയും പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണയം തന്നെയാകും.