/sathyam/media/media_files/0AeqjqqhYIjWv0D1xJdy.jpg)
കാസർകോട്: 'ന്നാ താൻ കേസ് കൊട് ' സിനിമയിലെ മജിസ്ട്രേറ്റിനെ മലയാള ചലച്ചിത്ര പ്രേമികൾ ഒരിക്കലും മറക്കില്ല. സ്വാഭാവികമായ അഭിനയവും തന്മയത്വവും കൊണ്ട് മജിസ്ട്രേറ്റിന്റെ വേഷം ഭദ്രമാക്കിയ തൃക്കരിപ്പൂർ സ്വദേശി പി. പി കുഞ്ഞികൃഷ്ണനെത്തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തിയത് അർഹതയ്ക്കുള്ള അംഗീകാരമായി മാറി. വെള്ളിത്തിരയിൽ കുഞ്ഞികൃഷ്ണന്റെ മജിസ്ട്രേറ്റിനെ കണ്ട് കൈയടിച്ചവർ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ വീണ്ടും കരഘോഷം മുഴക്കി.
ഏറെക്കാലമായി സ്വാഭാവിക അഭിനയത്തിന്റെ അഭാവം വെള്ളിത്തിരയിലുണ്ടായിരുന്നു. അതാണ് മജിസ്ട്രേറ്റിന്റെ വേഷത്തോടെ കുഞ്ഞികൃഷ്ണൻ നികത്തിയത്. കുഞ്ഞികൃഷ്ണന് അഭിനയം ജീവിതമാണ്. 'ന്നാ താൻ കേസ് കൊട് ' സിനിമയ്ക്ക് കുഞ്ഞികൃഷ്ണന്റെ സ്വഭാവ നടൻ അടക്കം 7 പുരസ്കാരങ്ങളാണ് കിട്ടിയത്. കുഞ്ഞികൃഷ്ണനിലൂടെ കാസർകോട് ജില്ലയും സംസ്ഥാന സിനിമ അവാർഡിന്റെ തിളക്കത്തിലായി. തനിക്ക് ലഭിച്ച അവാർഡ് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോട് ജില്ലയ്ക്ക് സമർപ്പിക്കുന്നു എന്നാണ് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചത്. സിനിമാ, സീരിയൽ താരവും സുഹൃത്തും നാട്ടുകാരനുമായ ഉണ്ണിരാജ് ചെറുവത്തൂർ ആണ് സിനിമ പ്രവേശനത്തിന് കാരണക്കാരനായതെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. ഉണ്ണിരാജ് നിർബന്ധിച്ചാണ് അപേക്ഷ അയപ്പിച്ചത്. മൂന്ന് ഘട്ടത്തിലായുള്ള അഭിമുഖത്തിനും 10 ദിവസത്തെ പ്രീ ഷൂട്ടിങ്ങിനും ശേഷമാണ് സിനിമയിലെടുത്തത്. സിനിമയിൽ കാസർകോട്ടെ ഭാഷയായതിനാൽ പ്രശ്നമുണ്ടായില്ലെന്നും കുഞ്ഞികൃഷ്ണൻ പറയുന്നു.
കൊച്ചിയിൽ 'പഞ്ചവത്സര പദ്ധതി ' എന്ന ചിത്രത്തിന്റെ ഡബിംഗിനിടെയാണ് തനിക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച വിവരം കുഞ്ഞികൃഷ്ണൻ അറിഞ്ഞത്. ഉദിനൂർ സെൻട്രൽ യു പി സ്കൂളിലെ റിട്ട. ഹിന്ദി അദ്ധ്യാപകനും പടന്ന പഞ്ചായത്ത് മെമ്പറുമായിരുന്ന കുഞ്ഞികൃഷ്ണൻ നാടകത്തിലൂടെയാണ് വേദികൾ കീഴടക്കിയത്. നാടകമായിരുന്നു അദ്ദേഹത്തിന്റെ ഈറ്റില്ലം. 'ന്നാ താൻ കേസ് കൊട് ' സിനിമയ്ക്ക് ശേഷം കൈനിറയെ അവസരങ്ങളാണ് കുഞ്ഞികൃഷ്ണനെ തേടിയെത്തിയത്. ആദ്യ സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ മജിസ്ട്രേറ്റിന്റെ റോൾ ഇത്രയും പ്രാധാന്യമുള്ള വേഷം ആയിരിക്കുമെന്ന് കുഞ്ഞികൃഷ്ണൻ കരുതിയിരുന്നില്ല.
മജിസ്‌ട്രേറ്റിന്റെ വേഷം കുഞ്ഞികൃഷ്ണന്റെ ജീവിതത്തിൽ വഴിത്തിരിവായി. ജീവിതത്തിൽ ഇതുവരെ കോടതിയിൽ കയറേണ്ടി വന്നിട്ടില്ലാത്ത കുഞ്ഞികൃഷ്ണൻ മജിസ്ട്രേറ്റിന്റെ റോൾ മികച്ചതാക്കി. കുഞ്ചാക്കോ ബോബനൊപ്പം തകർത്ത് അഭിനയിച്ച കുഞ്ഞികൃഷ്ണനെ പ്രേക്ഷകർ ഹൃദയത്തിലേറ്റു വാങ്ങി. സിനിമയാവട്ടെ ഏറ്റവും ജനപ്രിയമായി മാറി. ഈ ചിത്രത്തിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത കോറോണ പേപ്പേഴ്സ്, രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സുധീഷ് ഗോപിനാഥ് സംവിധാനവും നിർവ്വഹിച്ച മദനോത്സവം, മൃദുൽ എസ് നായർ സംവിധാനം ചെയ്ത കാസർഗോൾഡ്, രാഗേഷ് ഗോപൻ സംവിധാനം ചെയ്യുന്ന തിമിംഗല വേട്ട, സജീവ് പാഴൂർ രചന നിർവഹിച്ച പഞ്ചവത്സര പദ്ധതി, മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ നിരവധി ചിത്രങ്ങൾ കുഞ്ഞികൃഷ്ണനെ തേടിയെത്തി. അദ്ധ്യാപികയായ സരസ്വതിയാണ് ഭാര്യ. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സാരംഗ്, മറൈൻ എൻജിനിയറിംഗ് വിദ്യാർത്ഥി ആസാദ് എന്നിവരാണ് മക്കൾ.