കിയവ്: യുക്രെയ്‌നിലെ ജൂത സ്‌കൂളിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം. പെര്‍ലിന ചബാദ് സ്‌കൂളിന് നേരെ പുലര്‍ച്ചെയാണ് ഡ്രോണ്‍ ഇടിച്ചത്. സ്‌കൂളിലെ ആര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ല. അതേസമയം, സ്‌കൂളിന് സമീപത്തെ കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ക്ലാസ് മുറികള്‍, ഷട്ടില്‍, സ്റ്റുഡന്റ് ലോഞ്ച് എന്നിവയ്ക്ക് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ച ജ്യൂവിഷ് റിലീഫ് നെറ്റ്വര്‍ക്ക് യുക്രെയ്ന്‍ പ്രസ്താവനയില്‍ പറഞ്ഞു. റബ്ബി യോനാഥന്‍ മാര്‍ക്കോവിച്ചും റെബറ്റ്സിന്‍ എല്‍ക്ക ഇന മാര്‍ക്കോവിച്ചും പൊലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം സ്‌കൂള്‍ സന്ദര്‍ശിച്ചു. 'സ്ഫോടനസമയത്ത് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. കിയവിലെ തോറയുടെയും യഹൂദ വിദ്യാഭ്യാസത്തിന്റെയും വെളിച്ചം മങ്ങുകയില്ല' -മുഖ്യ റബ്ബികളിലൊരാളായ മാര്‍ക്കോവിച്ച് പറഞ്ഞു.
താന്‍ മാര്‍ക്കോവിച്ചുമായി സംസാരിച്ചതായും സ്‌കൂള്‍ നവീകരിക്കാന്‍ സഹായം വാഗ്ദാനം ചെയ്തതായും ഇസ്രായേല്‍ അംബാസഡര്‍ മൈക്കല്‍ ബ്രോഡ്സ്‌കി പറഞ്ഞു. ഇതാദ്യമായല്ല റഷ്യന്‍ മിസൈലുകളും ഡ്രോണുകളും ജൂത സൈറ്റുകളില്‍ പതിക്കുന്നതെന്ന് കിയവിലെ ബ്രോഡ്സ്‌കി സിനഗോഗ് ചീഫ് റബ്ബി മോഷെ അസ്മാന്‍ പറഞ്ഞു. ബാബി യാര്‍ സ്മാരക സ്ഥലം, യെശിവ, ജൂത ശ്മശാനങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തിയ സംഭവങ്ങള്‍ അദ്ദേഹം ചൂണ്ടീക്കാട്ടി.