/sathyam/media/media_files/gfAEDXqUwlPccL2A3M0s.jpg)
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ എക്‌സൈസ് സേന നടപ്പിലാക്കിയ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ രണ്ട് ആഴ്ചയ്ക്കിടെ പിടിയിലായത് 873 പേര്‍. ആകെ 874 കേസുകളെടുത്തു, 901 പേരെ പ്രതിചേര്‍ത്തു. മാര്‍ച്ച് 5 മുതല്‍ 19 വരെയുള്ള ദിവസത്തെ കണക്കുകളാണ് ഇത്.
എക്‌സൈസ് മാത്രം നടത്തിയത് 6506 റെയ്ഡുകളാണ്, മറ്റ് സേനകളുമായി ചേര്‍ന്ന് 177 പരിശോധനകളും നടത്തി. 60,240 വാഹനങ്ങള്‍ പരിശോധിച്ചു. മയക്കുമരുന്ന് കടത്തുകയായിരുന്ന 46 വാഹനങ്ങള്‍ പിടിച്ചു. ഒളിവിലിരുന്ന 49 പ്രതികളെയും പിടികൂടിയിട്ടുണ്ട്.
2.37 കോടിയുടെ ലഹരി വസ്തുക്കളാണ് പിടിച്ചത്. 123.88 ഗ്രാം എംഡിഎംഎ, 40.5 ഗ്രാം മെത്താഫിറ്റമിന്‍, 12.82 ഗ്രാം നെട്രോസെഫാം ഗുളികകള്‍, 14.5 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 60.8 ഗ്രാം ഹെറോയിന്‍, 31.7 ഗ്രാം ഹാഷിഷ് ഓയില്‍, 179.35 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലര്‍ത്തിയ ചോക്കളേറ്റ് എന്നിവ പിടികൂടി. സ്‌കൂള്‍ പരിസരത്ത് 1763, ബസ് സ്റ്റാന്‍ഡ് പരിസരത്ത് 542, റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 179, ലേബര്‍ ക്യാമ്പുകളില്‍ 328 പരിശോധനകളുമാണ് എക്‌സൈസ് നടത്തിയത്.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധം സാധ്യമാക്കിയ എക്‌സൈസ് സേനയെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. മയക്കുമരുന്നിന്റെ വഴി തേടി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളിലുള്‍പ്പെടെ പേയി പ്രതികളെ പിടികൂടാന്‍ എക്‌സൈസിന് കഴിഞ്ഞു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം വരുന്ന ആഴ്ച കൂടുതല്‍ ശക്തമാക്കും. അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത തുടരാനും മന്ത്രി നിര്‍ദേശം നല്‍കി. പരിശോധനകളുടെ ഭാഗമായി 800 അബ്കാരി കേസുകളും പിടികൂടാന്‍ എക്‌സൈസിന് കഴിഞ്ഞു.
ആകെ 765 പ്രതികള്‍, ഇവരില്‍ 734 പേരെ പിടികൂടിയിട്ടുണ്ട്. 22 വാഹനങ്ങളും പിടിച്ചു. 3688 പുകയില കേസുകളിലായി 3635 പേരെ പ്രതിചേര്‍ക്കുകയും 465.1 കിലോ പുകയില ഉത്പന്നങ്ങള്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്.