ആലപ്പുഴ: തഴക്കര സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ ജോബ് ടാസ്‌ക് എന്ന പേരില്‍ 25000 രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. ദില്ലി ഉദ്ദം നഗര്‍ സ്വദേശിയായ ആകാശ് ശ്രീവാസ്തവ (28) യെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് ഡല്‍ഹി ഉദ്ദംനഗറിലുള്ള ബുദ്ധ് വിഹാര്‍ എന്ന സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തത്.
പരാതിക്കാരനെ മാര്‍ക്കറ്റിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞു ആള്‍മാറാട്ടം നടത്തി വാട്‌സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. ഓണ്‍ലൈന്‍ ടാസ്‌ക് എന്ന പേരില്‍ പരാതിക്കാരന് ഗൂഗിള്‍ മാപ് ലിങ്ക് അയച്ചുകൊടുക്കുകയും അതിലെ ഹോട്ടലുകള്‍ക്ക് റേറ്റിങ് ചെയ്യിപ്പിച്ച ശേഷം ചെറിയ തുകകള്‍ പ്രതിഫലം നല്‍കി വിശ്വസിപ്പിച്ചുമാണ് തട്ടിപ്പു നടത്തിയത്.
രണ്ട് ഇടപാടുകളിലായി ആകെ 25000 രൂപയാണ് പരാതിക്കാരന് നഷ്ടമായത്. പരാതിക്കാരനില്‍ നിന്നും 20000 രൂപ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ പ്രതിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തഴക്കര സ്വദേശിയുടെ പരാതിയില്‍ ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. ജൂണ്‍ 1 ന് പ്രതിക്ക് നോട്ടീസ് നല്‍കുകയും ജൂലൈ 14 ന് അന്വേഷണം പൂര്‍ത്തിയാക്കി ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. അന്വേഷണ സംഘം ഡല്‍ഹിയിലെത്തി പ്രതിയെ ഉത്തംനഗറിലുള്ള ബുദ്ധവിഹാര്‍ എന്ന സ്ഥലത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആര്‍ പത്മരാജിന്റെ നേതൃത്വത്തില്‍, സീനിയര്‍ സിപിഓമാരായ ബിജു ബി, ഷിബു എസ്, അജയകുമാര്‍ എം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.