ചർച്ചാ സദസ്സിൽ മനസ്സ് തുറന്ന് കൊല്ലം; നൊമ്പരവുമായി എത്തിയവർക്ക് സാന്ത്വനത്തിന്റെ തണലായി ജനകീയ ചർച്ച സദസ്സ്

New Update
janakiya kollam1.jpg


കൊല്ലം:അവഗണിക്കപ്പെടുന്നതിന്റെ നൊമ്പരവുമായി എത്തിയവർക്ക് സാന്ത്വനത്തിന്റെ തണലായി ജനകീയ ചർച്ച സദസ്സ്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി നടത്തുന്ന സമരാഗ്നി   പ്രക്ഷോഭയാത്രയുടെ ഭാഗമായാണ് കൊല്ലത്ത് ജനകീയ ചർച്ച സദസ്സ് സംഘടിപ്പിച്ചത്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പരാതികൾ കേട്ടു.

Advertisment

ആശാവർക്കേഴ്സ് അംഗൻവാടി ജീവനക്കാർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേർ എത്തിയിരുന്നു.കരിമണൽ ഖനനത്തെ തുടർന്ന് പ്രതിസന്ധിയിലായ കോവിൽതോട്ടത്തിലെ 500 ഓളം കുടുംബങ്ങൾ നേരിടുന്ന പ്രശ്നമാണ്ആൻസി ജോർജ് ചർച്ചയിൽ അവതരിപ്പിച്ചത്. മണൽ എടുത്തശേഷം മൂന്നു വർഷത്തിനകം ഭൂമി നികത്തി മാറ്റിപ്പാർപ്പിച്ചവരെ പുനരധിവസിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിട്ടും ഇതുവരെ പുനരധിവാസം നടന്നിട്ടില്ല. ജോലി നൽകാം എന്ന വാഗ്ദാനവും പൂർണമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

 കൊല്ലം നഗരസഭയിലെ പൂർത്തിയാകാത്ത പദ്ധതികളെ കുറിച്ചുള്ള പരാതിയായിരുന്നു സാമൂഹിക പ്രവർത്തകനായ എം.കെ.സലീമിന്. 100 കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിച്ച ശുദ്ധജല പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്. ഗതാഗത പ്രശ്നം പരിഹരിക്കാൻ രൂപം നൽകിയ പദ്ധതിയും അവതാളത്തിൽ ആയിരിക്കുകയാണെന്ന് സലിം ചൂണ്ടിക്കാണിച്ചു.
ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട നിയമനം ലഭിക്കുന്നില്ലെന്ന് ഭിന്നശേഷിക്കാരനായ രഞ്ജിത്ത് പരാതിപ്പെട്ടു.

janakiyam kollam.jpg

തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ ഭരതർ ക്രിസ്ത്യൻ സമുദായത്തിലെ 1600 കുടുംബങ്ങൾ കൊല്ലത്തുണ്ട്. മറ്റു ജില്ലകളിൽ നിന്നുള്ള സമാന സമുദായങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് പ്രതിനിധികൾ എത്തിയത്. കെഎസ്ആർടിസി ജീവനക്കാർ,പെൻഷൻകാർ തുടങ്ങിയവർ ദുരിതം പങ്കുവയ്ക്കാൻ എത്തിയിരുന്നു. വിനീഷ് നാരായണൻ,  എസ്.പ്രദീപ്കുമാർ എന്നിവർ തങ്ങളുടെ പ്രശ്നം ചർച്ച സദസ്സിൽ അവതരിപ്പിച്ചു. സർവീസ് പെൻഷൻകാരുടെ പ്രശ്നങ്ങളാണ് എസ്.മണിയമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. കശുവണ്ടി വ്യവസായ സംരംഭകർ കടുത്ത പ്രതിസന്ധിയിൽ ആണെന്ന് അവരുടെ പ്രതിനിധി മുഹമ്മദ് ഷാൻ ചൂണ്ടിക്കാണിച്ചു.

റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുഗതൻ മംഗലത്ത് ആവശ്യപ്പെട്ടു. കർഷകർക്ക് ലഭിച്ചിരുന്ന സബ്സിഡി പുനസ്ഥാപിക്കുക, കൈവശ ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്കും സബ്സിഡി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അവശകലാകാരന്മാരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് എസ്.പി.ദിവാകരൻ ചൂണ്ടിക്കാണിച്ചു.ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികൾ മനേഷ് ഷാ, മുൻസിപ്പൽ കോർപ്പറേഷൻ കണ്ടിജന്റ് ജീവനക്കാരുടെ പ്രശ്നങ്ങൾ പി.എം. രമേശൻ എന്നിവർ അവതരിപ്പിച്ചു. ബോട്ടിൽ നിന്ന് വീണു മരിച്ച യേശുദാസിന്റെ ഭാര്യ മെറ്റിൽഡ കണ്ണിരോടെയാണ് ചർച്ച സദസ്സിൽ പങ്കെടുത്തത്. മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് മെറ്റിൽഡ പറഞ്ഞു.

janakiyam.jpg

അതിരൂക്ഷമായ കടലാക്രമം നടക്കുന്ന മുണ്ടക്കൽ ബീച്ച് പരിസരത്ത് ജീവഭയത്തോടെയാണ് കഴിയുന്നതെന്ന് സെബാസ്റ്റ്യൻ മുണ്ടക്കൽ പറഞ്ഞു. അടിയന്തരമായി കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിച്ചു തീരം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മത്സ്യ തൊഴിലാളികൾ നേരിടുന്ന  പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ മത്സ്യയെ തൊഴിലാളികൾ ബോട്ട് ഉടമകൾ തുടങ്ങി നിരവധി പേർ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ബോട്ടിൽ ചെറിയ മത്സ്യങ്ങൾ ഉണ്ടെങ്കിൽ ഫിഷറിസ് ഡിപ്പാർട്ട്മെന്റ് ഭീമമായ തുക പിഴ ചുമത്തുകയാണ്. നിയമപ്രകാരം അനുവദനീയമായ അളവിൽ കൂടുതൽ ചെറു മത്സ്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നടപടിയെടുക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ അധികൃതർ പാലിക്കുന്നില്ലെന്ന പരാതിയാണ് വ്യാപകമായി ഉയർന്നത്. തീര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ചർച്ചയിൽ ആവശ്യം ഉയർന്നു. നീര ഉൽപ്പാദനത്തിനായി പണം മുടക്കി വെട്ടിലായ സംരംഭകരുടെ ദുഃഖമാണ് ഷാജഹാൻ കാഞ്ഞിരംവിളയ്ക്ക് പറയാനുണ്ടായിരുന്നത്. ശാസ്താംകോട്ട കായൽ സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങളും ചർച്ചയിലുണ്ടായി.

ഓട്ടോ ഡ്രൈവർമാർ. വഴിയോര കച്ചവടക്കാർ,  സ്കൂളിലെ പാചക തൊഴിലാളികൾ, മത്സ്യ വില്പനക്കാർ,  ഹാർബർ തൊഴിലാളികൾ ജനകീയ ചർച്ചാ സദസ്സിൽ തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. പഴകുളം മധു അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, എൻ.കെ.പ്രേമചന്ദ്രൻ എംപി,ടി.സിദ്ദിഖ്,പി.സി. വിശ്വനാഥ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ,ബിന്ദു കൃഷ്ണ എന്നിവർ പങ്കെടുത്തു.

Advertisment