ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക് പൗരന്മാര്‍ക്കുള്ള വീസ നിയന്ത്രണം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ലോക്സഭയില്‍ വിദേശകാര്യ നിലപാട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന്‍ സിന്ദൂറില്‍ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയില്‍ ഇന്ത്യ ഈ വിഷയത്തില്‍ ശക്തമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
193 രാജ്യങ്ങളാണ് ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായുള്ളത്. ഇതില്‍ പാകിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഓപ്പറേഷന്‍ സിന്ദൂറിനെ എതിര്‍ത്തത്.
ഓപ്പറേഷന്‍ സിന്ദൂറിനിടെ മോദിയും ട്രംപും തമ്മില്‍ സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ചു. ഏപ്രില്‍ 22 നും ജൂണ്‍ 17നുമിടയില്‍ മോദിയും ട്രംപും തമ്മില്‍ സംസാരിച്ചിട്ടില്ല.
മെയ് 9 ന് യുഎസ് വൈസ്പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുമെന്ന് മോദി അദ്ദേഹത്തോട് വ്യക്തമാക്കിയതാണ്. അതാണ് യാഥാര്‍ത്ഥ്യമായതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ടിആര്‍എഫ് 2 തവണ ഏറ്റെടുത്തതാണ്. എന്നാല്‍ പാകിസ്ഥാന്‍ അത് നിഷേധിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇന്ത്യ ടിആര്‍എഫിനെ ആഗോള തീവ്രവാദ ശക്തിയായി പ്രഖാപിച്ചു.
പാകിസ്ഥാന്റെ ആണവായുധം ഉയര്‍ത്തിക്കാട്ടിയുള്ള ബ്ലാക്‌മെയ്ലിങിന് മുന്നില്‍ തലകുനിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അമേരിക്കയിലായിരുന്ന തഹാവൂര്‍ റാണയെ രാജ്യത്ത് എത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ കാലത്ത് ഐഎം എഫില്‍ നിന്ന് നിരന്തരം പാകിസ്ഥാന്‍ പണം കൈപ്പറ്റിയിരുന്നു. പാകിസ്ഥാന്‍ സീരിയല്‍ ബോറോവര്‍ (സ്ഥിരമായി കടംവാങ്ങുന്നവര്‍) എന്ന് മന്ത്രി പരിഹസിച്ചു.