/sathyam/media/media_files/wzfwwYfigKkYBwdDUHhE.jpg)
കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. കണ്ണൂരിൽ ഇന്നലെ രാത്രി വരെ ശക്തമായി പെയ്ത മഴയ്ക്ക് ഇന്ന് ശമനമുണ്ട്. അന്തരീക്ഷം മേഘാവൃതമാണ്. കനത്ത മഴയെ തുടർന്ന് കോളയാട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു. പെരുവയിൽ ബാബുവിന്റെ വീടാണ് നിലം പതിച്ചത്. വയനാട്ടിൽ മഴ തുടരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കൽപ്പറ്റ പുത്തൂർ വയലിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. യാത്രക്കാരെ രക്ഷപ്പെടുത്തി.
മലപ്പുറത്ത് തീരപ്രദേശങ്ങളിൽ ഇടവിട്ട് മഴയുണ്ട്. പോത്തുകല്ലിൽ കിണർ ഇടിഞ്ഞു താഴ്ന്നു. നെട്ടിക്കുളം ജോർജിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കോഴിക്കോട് മലയോര മേഖലകളിലാണ് കനത്ത മഴ. കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ പാലത്തിൽ വെള്ളം കയറി. ഇരവഴിഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞൊഴുകി. കുറ്റ്യാടി വളയത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. തയ്യുള്ളപറമ്പിൽ വാസുവിൻ്റെ കിണറാണ് തകർന്നത്. മേപ്പയ്യൂർ ചങ്ങരംവെള്ളി മീത്തലെചാലിൽ കുഞ്ഞബ്ദുള്ളയുടെ വീട് മരം വീണ് ഭാഗികമായി തകർന്നിട്ടുണ്ട്.
പാലക്കാട് നെല്ലിയാമ്പതി ചുരം പാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് മരം കടപുഴകി വീണത്. കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങി. കൊല്ലങ്കോട് നിന്നുള്ള അഗ്നിശമന സേന അംഗങ്ങളെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us