/sathyam/media/media_files/2025/01/31/jRHoEHVrhrHpVEKeXVye.jpg)
തിരുവനന്തപുരം: പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കുന്നതിന് വിപുലമായ സംവിധാനം പൊതുമരാമത്ത് വകുപ്പിനുണ്ടെന്നും ഗവേഷണങ്ങളുടെ തുടര്‍ഫലമായി നൂതന നിര്‍മ്മാണരീതികള്‍ കേരളത്തിലെ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പു മന്ത്രി പിഎ മുഹമ്മദ് റിയാസ്.
കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ സമര്‍പ്പിച്ച ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകളെപ്പറ്റി മന്ത്രി വിശദീകരിച്ചത്.
ജിയോ സെല്ലുകളും ജിയോ ഗ്രിഡുകളും, സോയില്‍ നെയിലിംഗ്, സെഗ്മെന്റല്‍ ബ്ലോക്ക്‌സ്, സിമന്റ് ട്രീറ്റഡ് ബേസ് തുടങ്ങിയവ ഉപയോഗപ്പെടുത്തിയും റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. കാലാവസ്ഥയെ അതിജീവിക്കാനും കൂടുതല്‍ കാലം ഈടുനില്‍ക്കാനും ഇത്തരം നിര്‍മ്മാണരീതികള്‍ സഹായകമാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
എക്‌സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേ പാലം, സെന്‍ട്രല്‍ സ്പാന്‍ കേബിള്‍ സ്റ്റേ പാലം, സെഗ്മെന്റല്‍ ബോക്‌സ് ഗര്‍ഡര്‍ നിര്‍മ്മാണം, നെറ്റ് വര്‍ക്ക് ടൈഡ് ആര്‍ച്ച് ആന്‍ഡ് സ്റ്റീല്‍ കോമ്പോസിറ്റ് പാലം, അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ്, സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് തുടങ്ങിയ സാങ്കേതിക വിദ്യകളും പാലം പദ്ധതികളില്‍ ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കെട്ടിട നിര്‍മ്മാണ മേഖലയിലും നവീനമായ ആശയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്ന ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് സാങ്കേതികവിദ്യ കുറേക്കൂടി വ്യാപകമായി ഉപയോഗപ്പെടുത്താന്‍ ആര്‍ക്കിടെക്ച്ചര്‍ വിംഗിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്നത് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.