മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വനവാസത്തിന് വിടാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കഠിനമായ പ്രയത്നത്താല്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നും വി ഡി സതീശനേക്കാള്‍ ഇരിട്ടി ആത്മവിശ്വാസം മുസ്ലിം ലീഗിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശന്‍ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം. രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഛത്തീഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് എന്ന് സാദിഖലി തങ്ങള്‍ പ്രതികരിച്ചു. മതസ്വാതന്ത്ര്യത്തിന് എതിരെയുള്ള ബിജെപിയുടെ നീക്കം അനുവദിക്കാനാകില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് പറഞ്ഞതെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. അത് ഞങ്ങളുടെ ആത്മവിശ്വാസമാണെന്നും ഉജ്ജ്വല വിജയത്തോടെ തിരിച്ചുവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. നിലമ്പൂരില്‍ ഒറ്റപ്പാര്‍ട്ടിയായാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ മുഴുവന്‍ സഖ്യങ്ങള്‍ക്കും മാതൃകയാണ് കേരളത്തിലെ യുഡിഎഫ്. ഞങ്ങളുടെ കരുത്ത് 'ടീം യുഡിഎഫ്' ആണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.