പാലക്കാട് :പാലക്കാട് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയില്‍ കടകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് കളക്ടര്‍ ജി പ്രിയങ്ക അറിയിച്ചു.
തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11, കരിമ്പുഴ പഞ്ചായത്തിലെ 17, 18, വാര്‍ഡുകളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. മാസ്‌ക് നിര്‍ബന്ധമാക്കി. നിപ സ്ഥിരീകരിച്ച യുവതി പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ല. റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്നും കളക്ടര്‍ അറിയിച്ചു.
യുവതി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. സമ്പര്‍ക്ക പട്ടികയില്‍ 59 പേരാണുള്ളത്. എന്നാല്‍, ആര്‍ക്കും രോഗ ലക്ഷണമില്ല. പ്രാഥമിക പട്ടികയിലുള്ളവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. യുവതിക്ക് ജൂണ്‍ 25-നാണ് രോഗലക്ഷണം കണ്ടത്.
പ്രാഥമിക പരിശോധനയില്‍ 38-കാരിയുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് പുണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലവും പോസറ്റീവായി.