പാലക്കാട്: മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് പരിക്കേറ്റു. ല്ലടിക്കോട് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകൾ ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
കുട്ടി സ്വയം റെക്കോർഡ് ചെയ്ത വീഡിയോയിൽ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം. മൈക്ക് ചാർജിലിട്ടാണ് ഉപയോഗിക്കുന്നതെന്നതും വീഡിയോയിൽ വ്യക്തമാണ്. ഓൺലൈനിൽ വാങ്ങിയ 650 രൂപ വിലയുള്ള മൈക്കാണ് പൊട്ടിത്തെറിച്ചത്. ചാർജിലിട്ട് ഉപയോഗിച്ച് പാടുന്നതിനിടെ വലിയ ശബ്‌ദത്തോടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.
ചൈന നിർമിതമായ മൈക്കാണ് കുട്ടി ഉപയോഗിച്ചതെന്ന് പിതാവ് പ്രതികരിച്ചു. എന്നാൽ മൈക്കിന്റെ കമ്പനി ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമല്ല. സംഭവത്തിൽ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ല.