ഗാസ:വടക്കന്‍ ഗാസയിലെ കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കിയ ക്ലിനിക്കിന് നേരെ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ഇസ്രായേല്‍ സൈന്യം ഉത്തരവാദിത്തം നിഷേധിച്ചു.
വടക്കന്‍ ഗാസയില്‍ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഗാസ സിറ്റിയിലെ ഷെയ്ഖ് റദ്വാന്‍ ക്ലിനിക്കില്‍ ഒരു ക്വാഡ്കോപ്റ്റര്‍ ഇടിച്ചെന്ന് ഗാസ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍-ബോര്‍ഷ് ദി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുക്കാന്‍ കഴിയുന്ന ആരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് ഷെയ്ഖ് റദ്വാന്‍ ക്ലിനിക്ക് എന്നതിനാല്‍ ഈ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് യുനിസെഫിന്റെ വക്താവ് റൊസാലിയ ബോലെന്‍ പറഞ്ഞു.
'രാവിലെ 6 മുതല്‍ വൈകുന്നേരം 4 വരെ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടും, മാനുഷിക താല്‍ക്കാലിക വിരാമം പ്രാബല്യത്തില്‍ ഇരിക്കെയാണ് ഇന്നത്തെ ആക്രമണം ഉണ്ടായത്.' 'അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, (ഇസ്രായേല്‍ സൈന്യം) നിര്‍ദ്ദിഷ്ട സമയത്ത് പ്രദേശത്ത് ആക്രമണം നടത്തിയിട്ടില്ലെന്ന് പ്രാഥമിക അവലോകനത്തില്‍ നിര്‍ണ്ണയിച്ചതായി' ഇസ്രായേലി സൈനിക വക്താവ് ലെഫ്റ്റനന്റ് കേണല്‍ നദവ് ശോഷാനി പറഞ്ഞു.