വിഭജനത്തിന്റെ ശേഷിപ്പ് തലമുറകള്‍ കൈമാറിയ ജനതയുടെ പരിഛേദമായി പഞ്ചേരി ആര്‍ട്ടിസ്റ്റ് യൂണിയന്‍

New Update
KMB 1

കൊച്ചി: ഒരു ജീവതകാലത്ത് തന്നെ നാല് ദേശീയഗാനങ്ങള്‍ പാടിയവരാണ് പശ്ചിമബംഗാളിലെ ഹാബ്രയിലെ 75 വയസുകഴിഞ്ഞവര്‍. വിഭജനത്തിനു ശേഷവും പലവട്ടം ജീവിതങ്ങള്‍ വിഭജിക്കപ്പെട്ട് പോകുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന സ്വന്തം സമൂഹത്തിന്റെ കഥയാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തില്‍ പഞ്ചേരി ആര്‍ട്ടിസ്റ്റ് യൂണിയന്‍ ഒരുക്കിയിരിക്കുന്ന കലാസൃഷ്ടികള്‍. ബ്രിട്ടീഷ് ഇന്ത്യയിലും കിഴക്കന്‍ പാക്കിസ്ഥാനിലും സ്വതന്ത്ര ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഇവരുടെ ജീവിതം ചാഞ്ചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.

Advertisment

KMB 3


കൊച്ചി ബിനാലെയുടെ വേദികളിലൊന്നായ ആസ്പിന്‍വാള്‍ ഹൗസിലെ കയര്‍ ഗോഡൗണിലാണ് പ‍‍ഞ്ചേരി ആര്‍ട്ടിസ്റ്റ് യൂണിയന്റെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ ബനിപൂരില്‍ ആരംഭിച്ച ഈ കലാകൂട്ടായ്മയില്‍ 14 കലാകാരന്മാരാണുള്ളത്. ദൃശ്യകല, ഡിസൈൻ, സാഹിത്യം, സിനിമ, ഫോട്ടോഗ്രഫി, സംഗീതം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഈ കൂട്ടായ്മയിലുള്ളത്.

ചണമാണ് കലാസൃഷ്ടികളുടെ പ്രധാന അസംസ്കൃതവസ്തു. ഇതിന് തക്കതായ കാരണമുണ്ടെന്നാണ് കൂട്ടായ്മയിലെ അംഗമായ ഭാസ്കര്‍ ഹസാരിക പറയുന്നത്. നൂറ്റാണ്ടുകളായി ചണം കൃഷിയായിരുന്നു ഇന്നാട്ടുകാരുടെ പ്രധാന വരുമാന സ്രോതസ്സ്. വ്യവസായവത്കരണത്തിന്റെ ഭാഗമായി ആദ്യം ബ്രിട്ടീഷുകാരും പിന്നീട് ആധുനിക ഉത്പന്നങ്ങള്‍ വിപണിയിലേക്കെത്തിയപ്പോള്‍ ആഗോളവത്കരണവും ചണ വ്യവസായത്തെ തകര്‍ത്തുവെന്നാണ് ഇവരുടെ പക്ഷം.

NEGLIGENCE



വിഭജനത്തിനു ശേഷം കിഴക്കന്‍ പാക്കിസ്ഥാനിലായിരുന്ന ഈ ജനത 1971ലെ ബംഗ്ലാദേശിന്റെ പിറവിയ്ക്ക് മുമ്പുണ്ടായ അക്രമങ്ങളില്‍ നിന്ന് പലായനം ചെയ്ത് ഇവിടെ എത്തിയവരാണ്.\


കലാസൃഷ്ടികളില്‍ ഈ ജീവിതകഷ്ടതകള്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഭാസ്കര്‍ പറഞ്ഞു. വലകളുടെ കള്ളികളാണ് കലാസൃഷ്ടികളില്‍ ഏറെയുമുള്ളത്. സ്ഥിരതയില്ലാത്ത ജീവിതത്തെ ഇത് പ്രതിനിധീകരിക്കുന്നു. തിളക്കമുള്ള ഉടയാടകള്‍ ബ്രാഹ്മണ മേധാവിത്തത്തിനെതിരായ അസമിലെ ജനങ്ങളുടെ പ്രതിരോധമായ ഹിന്ദു അനുഷ്ഠാന കലയുടെ ഭാഗമാണ്. അടിച്ചമര്‍ത്തപ്പെട്ട ജാതിയിലുള്ളവര്‍ തങ്ങള്‍ക്കും തിളക്കം ചേരും എന്ന സാംസ്ക്കാരികമായ പ്രതിരോധമാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

KMB 4



ഓരോ കലാകാരനും/കലാകാരിയും അവരവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നുള്ള ഏടുകളാണ് കലാസൃഷ്ടിയാക്കി മാറ്റിയത്. അടുത്ത മൂന്നു മാസവും പഞ്ചേരി യൂണിയന്‍ ബിനാലെയ്ക്കൊപ്പമുണ്ടാകും. കലാപ്രദര്‍ശനത്തിനു പുറമെ വീഡിയോ, പ്രകടന കല, അവതരണങ്ങള്‍ തുടങ്ങിയവ കൊണ്ട് തങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന സന്ദേശം കലാസ്വാദകരിലേക്കും അതുവഴി പൊതുസമൂഹത്തിലേക്കുമെത്തിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം.

 

Advertisment