പാരീസ്: ഉഷ്ണതരംഗത്തെ തുടര്‍ന്ന് വിയര്‍ത്തൊലിക്കുകയാണ് യൂറോപ്പ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സാധാരണ ശരാശരിയിലും കൂടുതലാണ് ചൂടെന്ന് സ്‌പെയിനിന്റെ ദേശീയ കാലാവസ്ഥാ ഏജന്‍സിയായ ഐമെറ്റ് അറിയിച്ചു.
ജൂണില്‍ പോര്‍ച്ചുഗലിലും സ്‌പെയിനിലും നൂറ്റാണ്ടില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂടുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ഇറ്റലിയില്‍ രണ്ടുപേര്‍ മരണപ്പെട്ടു. ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഉഷ്ണതരംഗം കാരണം പാരീസില്‍ ഈഫല്‍ ടവറിന്റെ മുകള്‍ഭാഗം അടച്ചു. ഐബീരിയന്‍ ഉപദ്വീപിലെ മിക്ക സ്ഥലങ്ങളിലും താപനില 43 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുകയാണ്. ഫ്രാന്‍സില്‍ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി പാരീസിലും മറ്റ് 15 പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ജര്‍മ്മനി, യുകെ എന്നിവയുടെ ചില ഭാഗങ്ങളില്‍ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നു.
പൊതുവിദ്യാലയങ്ങള്‍ ഭാഗികമായി അടച്ചു. വരും ദിവസങ്ങളില്‍ മറ്റ് രാജ്യങ്ങളില്‍ ഇതിലും തീവ്രമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ കാലാവസ്ഥാ നിരീക്ഷകര്‍ സൂചിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.