ഏപ്രില്‍ 23 മുതല്‍ മക്കയിലേക്ക് പ്രവേശനാനുമതി പെര്‍മിറ്റ് നേടിയവര്‍ക്ക് മാത്രമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഈ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ ശിക്ഷാനടപടി

ഏപ്രില്‍ 23 മുതല്‍ മക്കയിലേക്ക് പ്രവേശനാനുമതി പെര്‍മിറ്റ് നേടിയവര്‍ക്ക് മാത്രമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

New Update
hajj makkah

റിയാദ്: ഏപ്രില്‍ 23 മുതല്‍ മക്കയിലേക്ക് പ്രവേശനാനുമതി പെര്‍മിറ്റ് നേടിയവര്‍ക്ക് മാത്രമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ ഹറമിലെത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും അവര്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനും ലക്ഷ്യമിട്ടുള്ള ക്രമീകരണങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


Advertisment

ഏപ്രില്‍ 23 (ബുധനാഴ്ച) മുതല്‍ മക്കയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന പ്രദേശവാസികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് പെര്‍മിറ്റുകള്‍ നേടണം. പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യാനുള്ള എന്‍ട്രി പെര്‍മിറ്റ്, മക്ക മേഖലയില്‍ ഇഷ്യൂ ചെയ്ത റസിഡന്റ് ഐ.ഡി (ഇഖാമ), ഹജ്ജ് പെര്‍മിറ്റ് എന്നിവ ഉള്ളവര്‍ക്കാണ് മക്കയിലേക്ക് പ്രവേശനം അനുവദിക്കുക. 



അംഗീകൃത പെര്‍മിറ്റ് ഇല്ലാത്ത താമസക്കാരെ മക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയുകയും വന്ന സ്ഥലത്തേക്ക് തിരിച്ചയക്കുകയും ചെയ്യും. ഹജ്ജ് വിസയിലുള്ളവര്‍ ഒഴികെ എല്ലാത്തരം വിസകളിലുമുള്ളവര്‍ക്ക് മക്ക നഗരത്തിലേക്ക് പ്രവേശനമോ അവിടെ താമസമോ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.


ഹജ്ജ് സീസണില്‍ ജോലി ചെയ്യുന്ന താമസക്കാര്‍ക്ക് മക്ക നഗരത്തിലേക്കുള്ള എന്‍ട്രി പെര്‍മിറ്റുകള്‍ 'അബ്ഷിര്‍', 'മുഖീം പോര്‍ട്ടല്‍' എന്നീ പോര്‍ട്ടലുകള്‍ വഴി ഓണ്‍ലൈനായി ലഭിക്കും.


 ഏപ്രില്‍ 29 (ചൊവ്വാഴ്ച) മുതല്‍ 2025 ജൂണ്‍ 10 (തിങ്കളാഴ്ച) വരെ സൗദി, ഇതര ജി.സി.സി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൗരന്മാര്‍, രാജ്യത്തിനുള്ളിലെ വിദേശതാമസക്കാര്‍, മറ്റ് വിസകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് 'നുസുക്' പ്ലാറ്റ്‌ഫോം വഴി ഉംറ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കും.

 ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 13 ഓടെ അവസാനിച്ചു. ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യം വിടാനുള്ള അവസാന തീയതി ഏപ്രില്‍ 29 ആണ്. ഈ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ ശിക്ഷാനടപടികളുണ്ടാവും.

Advertisment