തിരുവനന്തപുരം: ഇന്ത്യന്‍ സിനിമ വീണ്ടും വിവാദത്തില്‍. ബ്രാഹ്‌മണര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഫൂലെ എന്ന ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ജീവിതം അനാവരണം ചെയ്യുന്ന ബോളിവുഡ് സിനിമയുടെ റിലീസ് അനശ്ചിതത്തിലായിരിക്കയാണ്.
ഇന്ത്യന്‍ സിനിമ മുന്‍പെങ്ങും ഇല്ലാത്ത നിയന്ത്രണങ്ങളാണ് നേരിടുന്നത്. എംപുരാന് പിന്നാലെ ബോളിവുഡിലെ ജാതി വിരുദ്ധ സിനിമയായ 'ഫൂലെ ' വിവാദത്തിലായിരിക്കുന്നത്. ചിത്രം വീണ്ടും സെന്‍സര്‍ ചെയ്തതായാണ് ആരോപണം. ബ്രാഹ്‌മണരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
അതെ സമയം, ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്നാണ് സംവിധായകന്‍ അനന്ത് മഹാദേവന്‍ പറയുന്നത് . ട്രെയിലര്‍ കണ്ട് സിനിമയെ വിലയിരുത്തരുതെന്നും മഹാദേവന്‍ പറഞ്ഞു.
ഫൂലെ ചിത്രത്തിനെതിരെ ബ്രാഹ്‌മണ സമൂഹത്തില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ആനന്ദ് മഹാദേവന്റെ പ്രതികരണം. ചിത്രത്തിലെ ജാതി പരാമര്‍ശങ്ങളടങ്ങിയ ഒന്നിലധികം ഭാഗങ്ങളാണ് വിവാദത്തിന് പിന്നാലെ വെട്ടിമാറ്റിയത്.
ബ്രാഹ്‌മണരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ജാതി വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ബോളിവുഡ് ചിത്രം പ്രതിസന്ധിയിലായത്. ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ ആനന്ദ് മഹാദേവന്റെ ഈ ചിത്രം തങ്ങളുടെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ജ്യോതിറാവു, സാവിത്രിഭായ് ഫൂലെ ദമ്പതികളുടെ യാത്രയെ ചിത്രീകരിക്കുന്ന അനന്ത് മഹാദേവന്റെ സിനിമയിലെ ജാതി പരാമര്‍ശങ്ങളിലും ചിത്രങ്ങളിലും ഒന്നിലധികം എഡിറ്റുകള്‍ വേണമെന്നായിരുന്നു ആവശ്യം.
ഹിന്ദു ജാതിവ്യവസ്ഥയില്‍ ''തൊട്ടുകൂടാത്തവരായി'' കണക്കാക്കപ്പെട്ടിരുന്ന ദലിതരുടെ വിദ്യാഭ്യാസ അവകാശത്തിനും സമത്വത്തിനും വേണ്ടിയാണ് ഫൂലെമാര്‍ പോരാടിയത്.
പ്രതീക് ഗാന്ധിയും പത്രലേഖയും അഭിനയിച്ച ചിത്രത്തിന് സിബിഎഫ്സി യു-സര്‍ട്ടിഫിക്കറ്റോടെയാണ് ആദ്യം അനുമതി നല്‍കിയത്. എന്നാല്‍ അഖില ഭാരതീയ ബ്രാഹ്‌മണ സമാജ്, തുടങ്ങിയ ബ്രാഹ്‌മണ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ചിത്രം പ്രതിസന്ധിയിലായത്.