/sathyam/media/media_files/2025/04/01/DInTcX3CKhxIp4ryWa1N.jpg)
തിരുവനന്തപുരം: തീരദേശത്ത് പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം സംഘടിപ്പിച്ച് ഫിഷറീസ് വകുപ്പ്. സംസ്ഥാനത്തെ 590 കിലോമീറ്റര്‍ തീരപ്രദേശത്ത് ഏകദിന ജനകീയ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞമാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം ശംഖുമുഖത്ത് മന്ത്രിമാരായ എം ബി രാജേഷ്, സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 'ശുചിത്വസാഗരം, സുന്ദര തീരം' പദ്ധതിയുടെ രണ്ടാംഘട്ടമായിട്ടാണ് സംസ്ഥാനത്തെ 590 കിലോമീറ്റര്‍ തീരപ്രദേശത്ത് ഏകദിന ജനകീയ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം സംഘടിപ്പിച്ചത്. രാവിലെ 8 മുതല്‍ 11 വരെ സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തില്‍ 12,000 സന്നദ്ധപ്രവര്‍ത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശംഖുമുഖം ബീച്ചില്‍ മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി സജി ചെറിയാനുമായി ചേര്‍ന്ന് മന്ത്രിമാര്‍ തന്നെ ശുചീകരണത്തിന് തുടക്കം കുറിച്ചു.
പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിനായി തീരപ്രദേശത്തെ ജനസാന്ദ്രത കൂടിയ 482 ആക്ഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തീരദേശത്ത് നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തദ്ദേശവകുപ്പ്, ശുചിത്വമിഷന്‍ എന്നിവക്ക് കൈമാറി പുനരുപയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.