/sathyam/media/media_files/gMmcN5xq3o5PiOnDsAI1.jpg)
ഇടുക്കി: അടുത്ത കാലത്തായി കരിമണ്ണൂര്‍ ബിവറേജസിന് സമീപത്തെ മുറുക്കാന്‍ കടയില്‍ പതിവില്ലാതെ തിരക്ക് വര്‍ധിച്ചു. ബീഹാര്‍ സ്വദേശി മുഹമ്മദ് താഹിര്‍ നടത്തുന്ന കടയില്‍ ഹാന്‍സ്, കൂള്‍, പാന്‍പരാഗ് എന്നിങ്ങനെ നിരോധിത ലഹരി വസ്ഥുക്കളൊക്കെ രഹസ്യമായി വില്‍ക്കുന്നുണ്ട്. പക്ഷേ വരുന്നവരെല്ലാം ആവശ്യപ്പെടുന്നതാകട്ടെ അവിടുത്തെ മീഠാ പാന്‍ എന്നറിയപ്പെടുന്ന മുറുക്കാനാണ്.
വിവരം ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിനെ അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്ത് റെയ്ഡ് നടത്താന്‍ കരിമണ്ണൂര്‍ എസ് എച്ച് ഓ വി സി വിഷ്ണു കുമാറിന് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കരിമണ്ണൂര്‍ ബീവറേജിന് സമീപം മുറുക്കാന്‍ കടയില്‍ റെയ്ഡ് നടത്തി. ബീഹാറിലെ പട്‌നയില്‍ നിന്നും 40 വര്‍ഷം മുമ്പ് കേരളത്തിലെത്തി വിവിധ ജോലികള്‍ ചെയ്യുന്നയാളും ഇപ്പോള്‍ കോട്ടയം പാലാ കരൂര്‍ പുരയിടത്തില്‍ വീട്ടില്‍ മുഹമ്മദ് താഹിര്‍ (60) ആണ് കട നടത്തുന്നത്.
കടയില്‍ നിന്നും വന്‍തോതില്‍ വയാഗ്ര ടാബ്ലറ്റുകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും ശേഖരം കണ്ടെത്തിയതോടെ പോലീസും ഞെട്ടി. വയാഗ്ര ഗുളികള്‍ പൊടിച്ച് ചേര്‍ത്താണ് മുറുക്കാന്‍ വില്‍ക്കുന്നതെന്ന് മുഹമദ് പോലീസിനോട് പറഞ്ഞു.
ഇതിന് പുറമേ നിരോധിത ലഹരി വസ്ഥുക്കളായ ഹാന്‍സ്, കൂള്‍ എന്നിവയും ഇയാളില്‍ നിന്ന് ലഭിച്ചു. മാന്യമായി വേഷം ധരിച്ച് ഒരു ഡോക്ടറെന്ന് തോന്നിപ്പിക്കും വിധമായിരുന്നു മുഹമ്മദിന്റെ വ്യാപാരം. കരിമണ്ണൂര്‍ എസ്.ഐ ബിജു ജേക്കബ്, എസ്.സി.പി.ഒമാരായ അനോഷ്, നജീബ് എന്നിവരും റെയ്ഡ് നടത്തിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.