തൃശൂര്‍: തൃശൂരില്‍ വയോധികയെ വെട്ടിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പെരിങ്ങോട്ടുകര സ്വദേശി കാതിക്കുടത്ത് വീട്ടില്‍ ലീല (63)യെ വെട്ടിയ കേസിലാണ് വടക്കുമുറി സ്വദേശി വലിയപറമ്പില്‍ വിട്ടില്‍ ശ്രീബിന്‍ (21) നെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീബിനെ ആദിത്യകൃഷ്ണ എന്ന യുവാവ് അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് ആദിത്യകൃഷ്ണയുടെ വല്യമ്മയായ ലീലയെ ആക്രമിക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടയുമായ കായ്ക്കുരു രാഗേഷിന്റെ സംഘത്തിലെ അംഗമാണ് ശ്രീബിന്‍. രാഗേഷിന്റെ സംഘത്തിലെ ഷാജഹാനോടൊപ്പം മാര്‍ച്ച് 17 ന് ശ്രീബിന്‍ ആദിത്യകൃഷ്ണയുടെ വീട്ടിലെത്തി.
ഈ സമയത്ത് യുവാവിന്റെ അമ്മ സൗമ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകന്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ ഇവിടെയില്ലെന്ന് അമ്മ പറഞ്ഞു. തുടര്‍ന്ന് മകനെ കിട്ടിയില്ലെങ്കില്‍ സൗമ്യയെ വെട്ടിക്കൊല്ലുമെന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തി.
ബഹളം കേട്ട് അയല്‍വീട്ടില്‍ നിന്നും ആദിത്യകൃഷ്ണയുടെ വല്യമ്മയെത്തി. തുടര്‍ന്ന് എന്തിനാണ് ബഹളം വെക്കുന്നതെന്ന് ഇവര്‍ യുവാക്കളോട് ചോദിച്ചു. ഈ സമയത്ത് ഷാജഹാനാണ് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടിയത്.
സൗമ്യയുടെ പരാതിയില്‍ അന്തിക്കാട് പൊലീസാണ് കേസെടുത്തത്. ഈ കേസില്‍ കായ്ക്കുരു രാഗേഷ്, ഹരികൃഷ്ണന്‍, അഖില്‍, ഷാജഹാന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ശ്രീബിന്‍ മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു.
അഖില്‍, ഹരികൃഷ്ണന്‍ എന്നീ സുഹൃത്തുക്കളാണ് ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചത്. ആലുവയില്‍ നിന്നാണ് നാല് മാസങ്ങള്‍ക്ക് ശേഷം പ്രതിയെ പൊലീസ് പിടികൂടിയത്.